ഉമിക്കരിയിൽ വിജയം രചിച്ച് സഹോദരങ്ങൾ

mk-santhis-umikari-t
SHARE

പുതുതലമുറ പാടെ അവഗണിച്ച ഉമിക്കരിയില്‍നിന്ന് ഉപജീവനമുണ്ടാക്കിയ  രണ്ട് സഹോദരങ്ങള്‍. പ്രധാനമന്ത്രിയുടെവരെ പ്രശംസ പിടിച്ചുപറ്റിയ കണ്ണൂര്‍ അഴീക്കോട്ടെ സിജേഷിന്റെയും ധനേഷിന്റെയും ഉമിക്കരി വ്യാപാരത്തെക്കുറിച്ചാണ് മണികിലുക്കം 

പഴമയുടെ മണമുള്ള പുത്തന്‍ ബിസിന‍സ്.  ഉമിക്കരി. ഇരുപത്തിയഞ്ച് ഗ്രാം ഉമിക്കരിക്ക് മൂപ്പത് രൂപയാണ് വില. ചേരവുകളില്‍ രാസവസ്തുക്കളേതുമില്ല. ശാന്തീസ് എന്ന ബ്രാന്‍ഡിലാണ് സിജേഷും ധനേഷും ഉമിക്കരി വിപണിയിലെത്തിച്ചത് . രണ്ടുവര്‍ഷംമുന്‍പ് ഗള്‍ഫിലെ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതാണ് സിജേഷ്. ഒരുദിവസം ടൂത്ത് പേസ്റ്റിന് പകരം ഉമിക്കരി ഉപയോഗിക്കാന്‍ ആഗ്രഹമുണ്ടായി. ഗുണനിലവാരമുള്ള ഉമികരി എവിടെയും ലഭിച്ചില്ല. അവിടുന്ന് തുടങ്ങിയതാണ് വീട്ടുമുറ്റത്തുള്ള ഉമിക്കരി നിര്‍മാണം.

കേരള ഗ്രാമീണ്‍ ബാങ്കില്‍നിന്ന് എട്ടരലക്ഷം രൂപയുടെ മുദ്രാ ലോണെടുത്തു. സഹോദരനുമൊത്ത് ഉമിക്കരി ഉല്‍പാദനം തുടങ്ങി. കിലോയ്ക്ക് പത്ത് രൂപയുള്ള പച്ച ഉമി വീട്ടുമുറ്റത്തുവച്ചാണ് കരിക്കുന്നത്. അഞ്ച് കിലോ കരിച്ചാല്‍ രണ്ട് കിലോയായി ചുരുങ്ങും. ഇത് അരിച്ചെടുത്ത് കുരുമുളകും ഗ്രാമ്പുവും ഉപ്പും ചേര്‍ത്താണ് കുപ്പിയിലാക്കുന്നത്. 

കണ്ണൂരും കോഴിക്കോടും എറണാകുളവുമാണ് പ്രധാന വിപണി. മെഡിക്കല്‍ ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും എല്ലാ ഉമിക്കരിക്ക് വന്‍ ഡിമാന്‍ഡാണ്. താല്‍പര്യമുണ്ടെങ്കിലും ഉമിക്കരി  എന്ന് പേരെടുത്ത് പറഞ്ഞ് വാങ്ങാന്‍ മടി കാണിക്കുന്നവര്‍ ഇന്നുമുണ്ട്. കുപ്പിയിലാക്കുന്ന ഉമിക്കരി വിപണിയിലെത്തിക്കാന്‍ സഹായികളില്ലാത്തത് വ്യാപാരത്തെ നേരിയതോതില്‍ ബാധിച്ചിട്ടുണ്ട്.

സിജേഷിന്റെയും ധനേഷിന്റെയും കുടുംബത്തിന്റെ പ്രധാന വരുമാനമാര്‍ഗമാണ് ഉമിക്കരി.  അഞ്ച് കുടുംബങ്ങള്‍ ഈ വ്യവസായംവഴി ഉപജീവനം നേടുന്നുണ്ട്. കരിച്ചെടുക്കുന്ന ഉമി അരിച്ച് കുപ്പിയിലാക്കാനാണ് അ‍ഞ്ച് പേര്‍ക്ക് തൊഴില്‍ നല്‍കിയിരിക്കുന്നത്. മുദ്രാ ലോണെടുത്ത സംരംഭകരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍  സിജേഷും പങ്കെടുത്തിരുന്നു. അന്ന് സ്വന്തം ബ്രാന്‍ഡ് ഉമിക്കരി നേരിട്ട് പ്രധാനമന്ത്രിക്ക് കൈമാറാനും സിജേഷിന് സാധിച്ചു. 

ഇതരസംസ്ഥാനങ്ങളിലും വിദേശത്തും ഉമിക്കരിക്ക് വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണ് സിജേഷും ധനേഷും.

MORE IN BUSINESS
SHOW MORE