മെയില്‍ സര്‍വീസുകള്‍ക്ക് ഇളം ചന്ദനനിറം: എക്സ്പ്രസ് ടെയിനുകൾക്ക് ബ്രൗൺ: നിറം മാറി റെയിൽവേ

indian-railway
SHARE

മുഖം മിനുക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. എക്സ്പ്രസ് ട്രെയിനുകളുടെയും മെയിലുകളുടെയും നിലവിലെ കടും നീല നിറം മാറ്റി ബ്രൗണും ചന്ദനവുമാക്കും.  വിമാനത്തിലുപയോഗിക്കുന്ന തരത്തിലുള്ള ബയോ ടോയ്‌ലെറ്റുകളും റയില്‍വേ അവതരിപ്പിക്കുന്നുണ്ട്. 

ഇളം ചന്ദന നിറത്തിലായിരിക്കും ഇനിമുതല്‍ റയില്‍വേയുടെ മെയില്‍ സര്‍വീസുകള്‍. എക്സ്പ്രസ് ടെയിനുകള്‍ക്കും കടും നീലനിറം മാറി ബ്രൗണ്‍ കളറാകും. ഈ മാസം അവസാനത്തോടെ ഓട്ടമാരംഭിക്കുന്ന ഡല്‍ഹി–പതാന്‍കോട്ട് എക്സ്പ്രസ് ബ്രൗണ്‍ നിറത്തിലാകും പുറത്തിറങ്ങുക. മുപ്പതിനായിരം കോച്ചുകള്‍ ഉടന്‍ തന്നെ പെയിന്റടിച്ച് മാറ്റുമെന്ന് റയില്‍വേ അറിയിച്ചു. ഇഷ്ടിക നിറത്തിലായിരുന്ന കോച്ചുകള്‍ 1990ലാണ് കടും നീലനിറത്തില്‍ പുറത്തിറങ്ങിത്തുടങ്ങിയത്. 

പുറംമോടിക്കുപുറമെ അകംമോടിയും കൂട്ടി യാത്രാസുഖം ഉറപ്പാക്കാനാണ് റയില്‍വേയുടെ ശ്രമം. ആധുനിക സൗകര്യങ്ങള്‍ കോച്ചുകളില്‍ ഏര്‍പ്പെടുത്തും. നിലവിലെ ബയോ ടോയ്‌ലെറ്റുകള്‍ അപ്ഗ്രേഡ് ചെയ്ത് മാറ്റി സ്ഥാപിക്കും. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള  ബയോ ടോയ്‌ലെറ്റുകളാണ് പരീക്ഷിക്കുന്നത്. അഞ്ഞൂറ് ടോയ്‌ലെറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായും പരീക്ഷണം വിജയിച്ചാല്‍ രണ്ടര ലക്ഷം ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കുമെന്നും റയില്‍വേ വ്യക്തമാക്കി. ഒരെണ്ണത്തിന് ഒരു ലക്ഷം രൂപ ചെലവില്‍ 37,411 കോച്ചുകളില്‍ ഒരുലക്ഷത്തി മുപ്പത്താറായിരം ബയോടോയ്‌ലെറ്റുകള്‍ നിലവില്‍ സ്ഥാപിച്ചിട്ടുണ്ട്. 

MORE IN BUSINESS
SHOW MORE