സംസ്ഥാനത്ത് ഭീമമായ റവന്യുകുടിശികയെന്ന് സി.എ.ജി റിപ്പോര്‍ട്ട്

cig-report
SHARE

സംസ്ഥാനത്ത് ഭീമമായ റവന്യുകുടിശികയെന്ന് സി.എ.ജി റിപ്പോര്‍ട്ട്. 2017 മാര്‍ച്ച് 31 വരെ 12591 കോടിരൂപയുടെ കുടിശികയാണുള്ളത്. കാരുണ്യ ചികില്‍സ സഹായനിധി പദ്ധതിയില്‍ വീഴ്ച പറ്റിയെന്നും 632 കോടിരൂപയുടെ കുടിശികയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിനേരിടുന്ന ഘട്ടത്തിലാണ് 12591 കോടിരൂപയുടെ റവന്യു കുടിശികയുണ്ടെന്ന് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്. കുടിശിക ഈടാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാത്തതാണ് ഇത്രഭീമമായ റവന്യു കുടിശികയ്ക്ക് കാരണമെന്ന് നിയമസഭയില്‍ വച്ച സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ 5183 കോടിരൂപ അഞ്ചുവര്‍ഷത്തിലേറെയായി പിരിക്കാന്‍ ബാക്കിനില്‍ക്കുന്നതാണ്. കാരുണ്യ ലോട്ടറി തുടങ്ങിയതിനുശേഷം ഇതുവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം നിര്‍ധനരോഗികള്‍ക്ക് 632 കോടിരൂപ കൊടുക്കാനുണ്ട്. അപേക്ഷകളുടെ ബാഹുല്യവും ബജറ്റ് വിഹിതത്തിന്റെ കുറവുമാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് ധനവകുപ്പ് സി.എ.ജിക്ക് നല്‍കിയ വിശദീകരണം. സ്ത്രീശക്തി ലോട്ടറി, ജവാന്‍മാരുടെ ക്ഷേമത്തിനുള്ള ബമ്പര്‍ ലോട്ടറി എന്നിവയില്‍ നിന്നുള്ള വരുമാനവും ഗുണഭോക്താക്കളില്‍ എത്തിയില്ല. 

വാണിജ്യനികുതിവകുപ്പിനുണ്ടായ വീഴ്ചകളും സി.എ.ജി അക്കമിട്ട് നിരത്തുന്നു. റജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികളെ കണ്ടെത്താന്‍ സംവിധാനമില്ലാത്തത് 35 കോടിരൂപയുടെ നികുതിനിഷ്ടമുണ്ടാക്കി. കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് വകുപ്പില്‍ നിന്നുള്ള ഡാറ്റ കശുവണ്ടി ഇറക്കുമതി ചെയ്ത 27 വ്യാപാരികളുടെ ഡാറ്റയുമായി ഒത്തുനോക്കിയപ്പോള്‍ 1238 കോടിരൂപയുടെ ഇറക്കുമതി വിവരങ്ങള്‍ ഒളിപ്പിച്ചുവച്ചെന്ന് സി.എ.ജി കണ്ടെത്തി. മോട്ടോര്‍വാഹനവകുപ്പില്‍ പെര്‍മിറ്റ് കാലാവധി അവസാനിച്ച 14127 വാഹനങ്ങളില്‍ നിന്ന് പിഴയീടാക്കാത്തത് 3.32 കോടിരൂപയുടെ വരുമാനനഷ്ടമുണ്ടാക്കി.

MORE IN BUSINESS
SHOW MORE