സംസ്ഥാനത്ത് സിമന്റ് വില വീണ്ടും കുതിച്ചുയരുന്നു

cement-price
SHARE

സംസ്ഥാനത്ത് സിമന്റ് വില വീണ്ടും കുതിച്ചുയരുന്നു. ഒരാഴ്ചക്കിടെ 50 രൂപയാണ് വര്‍ധിച്ചത്. മഴക്കാലത്ത് ആവശ്യക്കാര്‍ കുറഞ്ഞിട്ടും സിമന്റ് കമ്പനികള്‍ സംഘടിതമായി വില കൂട്ടുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. അപ്രതീക്ഷിതമായി വില കൂടിയതോടെ നിര്‍മാണമേഖല പ്രതിസന്ധിയിലായി. 

50കിലോയുള്ള ഒരു ചാക്ക് സിമന്റിന് ഒരാഴ്ച മുമ്പുവരെ 350 മുതല്‍ 355 രൂപവരെയായിരുന്നു വില. ഇതാണ് ഇപ്പോള്‍ മലബാര്‍ മേഖലയില്‍ 390–400 രൂപായി ഉയര്‍ന്നിരിക്കുന്നത്. തെക്കന്‍ കേരളത്തില്‍ 380 രൂപയിലേക്കും വില ഉയര്‍ന്നു. പ്രധാനപ്പെട്ട എല്ലാ ബ്രാന്‍ഡുകളുടെയും വില വര്‍ധിച്ചിട്ടുണ്ട്. മഴക്കാലത്ത് പൊതുവില്‍ സിമന്റിന് ആവശ്യക്കാര്‍ കുറവാണ്. അതിനാല്‍ വില കൂടാറുമില്ല. സിമന്റിന് കൃത്രിമക്ഷാമം സൃഷ്ടിച്ച് വില കൂട്ടുന്ന മുന്‍ തന്ത്രം തന്നെയാണ് കമ്പനികള്‍ ഇപ്പോഴും പയറ്റുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. വില വര്‍ധിപ്പിക്കുന്നതിന് വിശ്വസനീയമായ ഒരു കാരണവും സിമന്റ് കമ്പനികള്‍ പറയുന്നില്ല.   

സുബൈര്‍ കൊളക്കാടന്‍, സിമന്റ് ഡീലേഴ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്

സിമന്റ് കമ്പനികള്‍ അനധികൃതമായി സംഘംചേര്‍ന്ന് വില കൂട്ടുന്നെന്ന ആരോപണം നേരത്തേയുള്ളതാണ്. ഒരുവിഭാഗം വ്യാപാരികള്‍ ഇതിനെതിരെ കോംപറ്റീഷന്‍സ് കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിച്ചിരുന്നു. എന്നാല്‍ തെളിവുകള്‍ പര്യാപ്തമല്ലെന്ന കാരണം ചൂണ്ടിക്കാണിച്ച് സി.സി.ഐ വ്യാപാരികള്‍ക്ക് അനുകൂലമായ ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനികള്‍ വീണ്ടും വില കൂട്ടിയത്. അപ്രതീക്ഷിതമായി വില ഉയര്‍ന്നത് നിര്‍മാണമേഖലയ്ക്ക് ആഘാതമായി. കൃത്യമായ ബജറ്റ് തയ്യാറാക്കി വീടുവയ്ക്കാനിറങ്ങിയ സാധാരണക്കാരനും വിലവര്‍ധന ഇരുട്ടടിയായി.

MORE IN BUSINESS
SHOW MORE