വിപണിമൂല്യത്തില്‍ റെക്കോര്‍ഡിട്ട് ടിസിഎസ്

tcs-t
SHARE

വിപണിമൂല്യത്തില്‍ റെക്കോര്‍ഡിട്ട് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. രാജ്യത്തെ ഏറ്റവും വലിയ ഐടി കയറ്റുമതി കമ്പനിയായ ടിസിഎസിന്റെ വിപണിമൂല്യം ഏഴുലക്ഷം കോടി കവിഞ്ഞു. കമ്പനിയുടെ ഓഹരികള്‍ റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയതോടെയാണിത്. ഓഹരിവില 3589 രൂപ 90 പൈസയില്‍ ക്ലോസ് ചെയ്തു.  

നൂറുകോടി ഡോളറിന്റെ വിപണിമൂല്യം നേടുന്ന ആദ്യ ഇന്ത്യന്‍ ഐടി കമ്പനിയെന്ന ഖ്യാതി സ്വന്തമാക്കിയ ടിസിഎസിന് ഇത് മറ്റൊരു നേട്ടം. ഏഴ് ട്രില്യന്‍ അഥവാ ഏഴുലക്ഷം കോടിക്കുമുകളിലാണ് ടിസിഎസിന്റെ ഇപ്പോഴത്തെ വിപണി മൂല്യം. ഓഹരിവില, രാവിലത്തെ വ്യാപാരത്തില്‍ 3,668 രൂപ എന്ന റെക്കോര്‍ഡിലെത്തിയതോടെയാണിത്. ഡോളര്‍ ശക്തിപ്രാപിച്ചതാണ് ടിസിഎസിന് അനുഗ്രഹമായത്.  ഏപ്രില്‍ 19ന് ബോണസ് ഓഹരി പ്രഖ്യാപിച്ചതിനുശേഷം 16 ശതമാനമാണ് ടിസിഎസ് ഓഹരിവില കയറിയത്. ജൂണ്‍ രണ്ടാണ് ഓഹരി നല്‍കുന്നതിനുള്ള റെക്കോര്‍ഡ് ഡേറ്റ്. മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തിലും, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും ടിസിഎസ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അടുത്ത രണ്ടുകൊല്ലത്തേക്ക് കമ്പനിയുടെ പ്രകടനം മികച്ചതായി തുടരുമെന്ന് ജെ.പി.മോര്‍ഗന്‍ വിലയിരുത്തുന്നു. റീട്ടെയ്ല്‍ മേഖലയിലേതടക്കം നിരവധി ഓര്‍ഡറുകള്‍ കമ്പനി നേടിയെടുത്തതിനാല്‍ വളര്‍ച്ച സാധ്യമാണെന്നാണ് സൂചനകള്‍. 

MORE IN BUSINESS
SHOW MORE