ഫ്ളിപ്കാര്‍ട്ടിലെ ഓഹരികള്‍ വോള്‍മാര്‍ട്ടിന് കൈമാറാമെന്ന് സോഫ്റ്റ്ബാങ്ക്

flipkart-walmart-t
SHARE

ഫ്ളിപ്കാര്‍ട്ടിലെ 21 ശതമാനം ഓഹരികളും വോള്‍മാര്‍ട്ടിന് കൈമാറാമെന്ന് സോഫ്റ്റ്ബാങ്ക് സമ്മതിച്ചു. ഇതോടെ ആഴ്ചകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമമായി. അതിനിടെ ഫ്ളിപ്കാര്‍ട്ട് ഏറ്റെടുക്കലിന് അംഗീകാരം തേടി വോള്‍മാര്‍ട്ട് കോമ്പറ്റീഷന്‍ കമ്മിഷനെ സമീപിച്ചു.  

ഫ്ളിപ്കാര്‍ട്ടിലെ 77 ശതമാനം ഓഹരികളാണ് വോള്‍മാര്‍ട്ട് സ്വന്തമാക്കുന്നത്. ഒരുലക്ഷം കോടി രൂപയ്ക്കുമുകളിലുള്ള ഇടപാടില്‍ വോള്‍മാര്‍ട്ട് പ്രധാനമായും കണ്ണുവച്ചിരുന്നത് സോഫ്റ്റ്ബാങ്കിന്റെ 21 ശതമാനം ഓഹരികളായിരുന്നു. എന്നാല്‍, ഏറ്റെടുക്കല്‍ പ്രഖ്യാപിച്ച സമയത്ത്, തങ്ങളുടെ ഓഹരികള്‍ വില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നേയുള്ളൂ എന്നാണ് സോഫ്റ്റ് ബാങ്ക് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ്, ഏകദേശം പതിനാറായിരം കോടി രൂപയ്ക്ക് സോഫ്റ്റ് ബാങ്ക്, ഫ്ളിപ്കാര്‍ട്ടിന്റെ ഓഹരികള്‍ സ്വന്തമാക്കിയത്. ഒരു കൊല്ലം പൂര്‍ത്തിയാക്കുന്നതിനുമുന്‍പ് നിക്ഷേപം പിന്‍വലിക്കുന്നതിലുള്ള മടിയും ഓഹരിവില്‍പനയിലൂടെ നേരിടുന്ന ഭാരിച്ച നികുതി ബാധ്യതയുമാണ് തീരുമാനമെടുക്കുന്നതില്‍ നിന്ന് സോഫ്റ്റ്ബാങ്കിനെ പിന്നോട്ടുവലിച്ചത്. 

ഓഹരികൈമാറ്റത്തിലൂടെ മുടക്കിയതിന്റെ ഇരട്ടിയിലേറെയാണ് ജപ്പാന്‍ ആസ്ഥാനമായ നിക്ഷേപ കമ്പനിയായ സോഫ്റ്റ് ബാങ്ക് നേടുന്നത്. അതേസമയം, ഏറ്റെടുക്കലിലൂടെ മല്‍സരക്ഷമത സംബന്ധിച്ച ആശങ്കകള്‍ ഉയരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വോള്‍മാര്‍ട്ട് കോംപറ്റീഷന്‍ കമ്മിഷന്‍റെ അംഗീകാരം തേടിയത്. ഇന്ത്യന്‍ ഉപഭോക്താക്കളും ഇന്ത്യയിലെതന്നെ വില്‍പനക്കാരുമായുള്ള വ്യാപാര ഇടപാടിന് ഇ കൊമേഴ്സ് അടിത്തറ പ്രദാനം ചെയ്യുകമാത്രമാണ് ചെയ്യുന്നതെന്ന് വാള്‍മാര്‍ട്ട് വാദിക്കുന്നു. എന്നാല്‍ ഏറ്റെടുക്കലിനെ കോംപറ്റീഷന്‍ കമ്മിഷനില്‍ ചോദ്യം ചെയ്യുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്. 

MORE IN BUSINESS
SHOW MORE