നിയമനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

sbi-recruitment-t
SHARE

നിയമനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ പൊതുമേഖലയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നടപ്പുസാമ്പത്തികവര്‍ഷം 10,300 ജീവനക്കാരെ നിയമിക്കാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്. 

ഇക്കൊല്ലം ജോലിയില്‍ നിന്ന് പിരിഞ്ഞുപോകുന്നവരുടേതുള്‍പ്പെടെ 15,762 ജീവനക്കാരുടെ ഒഴിവാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പുതുതായുണ്ടാകുന്നത്. എന്നാല്‍ ‍ഐടിവല്‍ക്കരണത്തിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്റെയും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനാല്‍ ആകെയുള്ള ഒഴിവുകളുടെ 75 ശതമാനം നികത്തിയാല്‍മതിയെന്നാണ് ബാങ്കിന്റെ കണക്കുകൂട്ടല്‍. ഇതനുസരിച്ച് 2,000 പ്രൊബേഷണറി ഓഫിസര്‍മാരെയും 8,300 ക്ലാര്‍ക്കുമാരെയും നിയമിക്കും. ഇതില്‍ 1,100 പേര്‍ സംവരണവിഭാഗങ്ങളില്‍ നിന്നുള്ളവരായിരിക്കും. 12,000 പേരാണ് ഇക്കൊല്ലം എസ്ബിഐയില്‍ നിന്ന് പിരിഞ്ഞുപോകുന്നത്. സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിനുശേഷം 3,569 ജീവനക്കാര്‍ സ്വയം വിരമിക്കലിന് അപേക്ഷിച്ചിട്ടുമുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 18,973 ജീവനക്കാര്‍ എസ്ബിഐയില്‍ നിന്ന് പിരിഞ്ഞുപോയപ്പോള്‍ നിയമിച്ചത് 3,211പേരെ മാത്രം. 

ആകെ 2 ലക്ഷത്തി അറുപത്തിനാലായിരത്തി നാല്‍പത്തിയൊന്ന് ജീവനക്കാരാണ് എസ്ബിഐയിലുള്ളത്. ശമ്പളം ഉള്‍പ്പെടെ ജീവക്കാര്‍ക്കുള്ള ചെലവ് 35,691 കോടിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 35,411 കോടിയായി കുറഞ്ഞു. മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ 7,718 കോടിരൂപയാണ് എസ്ബിഐയുടെ നഷ്ടം. 

MORE IN BUSINESS
SHOW MORE