വ്യാപാര യുദ്ധം മതിയായി; അമേരിക്കയും ചൈനയും ഇനി കൈകോർക്കും

america-china
SHARE

അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര യുദ്ധത്തിനുള്ള സാഹചര്യങ്ങള്‍ ഒഴിവാകുന്നു. അമേരിക്കയുടെയും ചൈനയുടെയും പ്രതിനിധികള്‍ രണ്ടുഘട്ടങ്ങളായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ധാരണയായത്. ഇതനുസരിച്ച് അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി ചൈന ഗണ്യമായി ഉയര്‍ത്തും. 

സുദീര്‍ഘമായ രണ്ടാം റൗണ്ട് ചര്‍ച്ചയ്ക്കൊടുവിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയത്. ചര്‍ച്ചയ്ക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യാപാര യുദ്ധം തല്‍ക്കാലം മാറ്റിവയ്ക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ഇറക്കുമതി  കൂട്ടി  വ്യാപാര കമ്മി നികത്താമെന്ന് ചൈന സമ്മതിച്ചിട്ടുണ്ട്. 2020ഓടെ ഇരുപതിനായിരം കോടി ഡോളറിന്റെ വ്യാപാരകമ്മി നികത്താനാണ് ധാരണ.  പ്രധാനമായും കാര്‍ഷികോല്‍പന്നങ്ങളുടെയും ഊര്‍ജ മേഖലയുടെയും കയറ്റുമതിയാണ് അമേരിക്ക ഉദ്ദേശിക്കുന്നത്. ഇതേക്കുറിച്ച് പഠിക്കാന്‍ അമേരിിക്കയില്‍ നിന്നുള്ള ഉന്നതതല സംഘത്തെ ചൈനയിലേക്ക് അയയ്ക്കും. 

ഭൗതിക സ്വത്ത് സംരക്ഷിക്കുന്നതില്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമായിരിക്കും. നിക്ഷേപത്തിലും മല്‍സരക്ഷമതയിലും തുല്യാവസരം ഒരുക്കുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കും. ചൈനയുമായുണ്ടായിരുന്ന അറുപത്തിമൂവായിരത്തി അറുനൂറ് കോടി ഡോളറിന്റെ വ്യാപാരം പകുതിയായി കുറഞ്ഞെന്നാണ് അമേരിക്കയുടെ പ്രധാന പരാതി. ഇതേത്തുടര്‍ന്ന് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുമെന്ന് ഭീഷണി ഉയര്‍ത്തി. അതേസമയം, ഇരുപതിനായിരം കോടി ഡോളറന്റെ കമ്മി മാത്രമേയുള്ളൂവെന്നാണ് ചൈനയുടെ വാദം. അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി വെട്ടിച്ചുരുക്കുമെന്ന് ചൈനയും മറുപടി നല്‍കി. ആഗോള വ്യാപാര രംഗത്ത് സ്വാധീന ശക്തികളായ ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധത്തെ ലോക വിപണി ആശങ്കയോടെയാണ് വീക്ഷിച്ചിരുന്നത്. 

MORE IN BUSINESS
SHOW MORE