പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കുമിഞ്ഞുകൂടുന്നു

non-performing-asset-t
SHARE

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കുമിഞ്ഞുകൂടുന്നു. 2015ന് ശേഷമുള്ള രണ്ടു സാമ്പത്തിക വര്‍ഷം കൊണ്ട് ഒന്നര ശതമാനം വര്‍ധിച്ച് 6.89 ലക്ഷം കോടിയായി. ഇന്ത്യയുടെ പകുതിയിലേറെ വൈദ്യുതിവല്‍ക്കരിക്കാനുള്ളത്ര പണമാണ് നിഷ്ക്രിയ ആസ്തിയായുള്ളത്.  

ലോക്സഭയില്‍ ധനവകുപ്പ് സഹമന്ത്രി ശിവ് പ്രതാപ് ശുക്ല നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍. 2015 മാര്‍ച്ച് 31ന് 2.67 ലക്ഷം കോടിരൂപയായിരുന്ന രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം. 2017 ജൂണ്‍ 30 ആയപ്പോഴേക്ക് ഇത് 6.89 ലക്ഷം കോടിയായി. ആകെയുള്ള 21 പൊതുമേഖലാ ബാങ്കുകളില്‍ 11 എണ്ണത്തിന്റെയും  ആസ്തിയുടെ 15 ശതമാനത്തിലേറെ കിട്ടാക്കടമാണ്. ഇന്ത്യന്‍ കമ്പനികളും വ്യക്തികളും തിരിച്ചടയ്ക്കാത്തത്  4.1 ലക്ഷം കോടി രൂപ. കോര്‍പറേറ്റ്, കാര്‍, പേഴ്സണല്‍, ഭവന വായ്പകളും ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവും ഇതില്‍ ഉള്‍പ്പെടും. ഇതു മാത്രം തിരിച്ചുപിടിച്ചാല്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാനാകുമെന്നാണ് കണക്ക്. പ്രാധാന്യമില്ലാത്ത മേഖലകള്‍ക്ക് നല്‍കിയ വായ്പ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 22 മടങ്ങ് വര്‍ധിച്ചതായി ഇന്ത്യ സ്പെന്‍ഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2006ല്‍ പതിനെണ്ണായിരത്തി മുന്നൂറ് കോടിയായിരുന്നു നോണ്‍ പ്രയോറിറ്റി സെക്ടറില്‍ പൊതുമേഖലാ ബാങ്കുകള്‍ നല്‍കിയിരുന്ന വായ്പ. പത്തുവര്‍ഷത്തിനിടെ നോണ്‍ പ്രയോറിറ്റി സെക്ടറില്‍ നിന്നുള്ള കിട്ടാക്കടം 76 ശതമാനമായി ഉയര്‍ന്നു. 2011ന് ശേഷമുള്ള അഞ്ചുവര്‍ഷമാണ് കിട്ടാക്കടത്തിന്റെ തോത് ഉയര്‍ന്നത്. 1,110 ശതമാനം വര്‍ധന. 

MORE IN BUSINESS
SHOW MORE