വാൾമാർട്ടിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

wallmart
SHARE

ഫ്ളിപ്കാര്‍ട്ടിനെ ഏറ്റെടുക്കുന്ന വോള്‍മാര്‍ട്ടിന് ആദായനികുതി വകുപ്പിന്റെ നോട്ടിസ്. സ്രോതസില്‍ നിന്നുള്ള നികുതി കണക്കാക്കാന്‍ വകുപ്പിനെ സമീപിക്കണമെന്നാണ് നിര്‍ദേശം. അതിനിടെ ഫ്ളിപ്കാര്‍ട്ടിലെ ഇരുപത് ശതമാനം ഓഹരികള്‍ വില്‍ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് സോഫ്റ്റ് ബാങ്ക് വെളിപ്പെടുത്തി.  

ആദായനികുതി നിയമത്തിലെ 195ആം വകുപ്പുപ്രകാരം ഒരു ലക്ഷം കോടിയിലേറെ മുടക്കുന്ന വോള്‍മാര്‍ട്ടിന് സ്രോതസില്‍ നിന്നുള്ള നികുതി അഥവാ ടിഡിഎസിന് ബാധ്യതയുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളിപ്കാര്‍ട്ട് റജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത് സിംഗപ്പൂരിലാണ്. 195ആം വകുപ്പു പ്രകാരം ഇന്ത്യക്കാരനല്ലാത്ത ഒരാളുമായി നടത്തുന്ന ഇടപാടിന് നികുതി അടയ്ക്കേണ്ടത് നിക്ഷേപം നടത്തുന്നയാളാണ്. 

വോള്‍മാര്‍ട്ടിന് ഓഹരി കൈമാറുന്നതുവഴി സാമ്പത്തിക നേട്ടമുണ്ടാക്കിയവരില്‍ നിന്ന് ഈ തുക വോള്‍മാര്‍ട്ടിന് ഈടാക്കാം. ഫ്ളിപ്കാര്‍ട്ട്–വോള്‍മാര്‍ട്ട് ഇടപാടിന്റെ വിശദാംശങ്ങളും ആദായനികുതി വകുപ്പ് ആരാഞ്ഞിട്ടുണ്ട്. അതേസമയം, ഫ്ളിപ്കാര്‍ട്ടിലെ ഓഹരി പങ്കാളിത്തം കൈമാറുന്നതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ജപ്പാനില്‍ നിന്നുള്ള നിക്ഷേപക കമ്പനിയായ സോഫ്റ്റ് ബാങ്ക് പറഞ്ഞു. സോഫ്റ്റ് ബാങ്ക് 20 ശതമാനം ഓഹരികള്‍ വാങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നതേയുള്ളൂ. ഇതിനിടെ നടത്തുന്ന കൈമാറ്റത്തിന് എത്ര നികുതി ബാധ്യയുണ്ടാകും എന്ന് കണക്കാക്കാത്തതിനാലാണ് തീരുമാനം വൈകിക്കുന്നതെന്ന് സോഫ്റ്റ് ബാങ്ക് വ്യക്തമാക്കി. അടുത്ത പത്തുദിവസത്തിനുള്ളില്‍ അന്തിമതീരുമാനമെടുക്കുമെന്നും സോഫ്റ്റ് ബാങ്ക് വൃത്തങ്ങള്‍ പറഞ്ഞു. പതിനാറായിരം കോടി രൂപയിലേറെയാണ് 20 ശതമാനം ഓഹരികള്‍ വാങ്ങിയതുവഴി സോഫ്റ്റ് ബാങ്ക് ഫ്ളിപ്കാര്‍ട്ടില്‍ നിക്ഷേപിച്ചത്. വോള്‍മാര്‍ട്ടിന് ഇത് കൈമാറുകയാണെങ്കില്‍ ഇരുപത്താറായിരം കോടി രൂപയിലേറെ അവര്‍ക്ക് നേടാനാകും. 

MORE IN BUSINESS
SHOW MORE