കോഴിവില കുതിച്ച് ഉയരുന്നു; രണ്ടാഴ്ച കൊണ്ട് കിലോയ്ക്ക് കൂടിയത് 43രൂപ

chicken-1
SHARE

സംസ്ഥാനത്ത് കോഴിവില കുതിച്ചുകയറുന്നു. രണ്ടാഴ്ച കൊണ്ട് കിലോയ്ക്ക് 43 രൂപയാണ് കൂടിയത്. കടുത്തവേനലില്‍ ഉല്‍പാദനം കുറഞ്ഞതും അവധിക്കാലത്ത് ആവശ്യം കൂടിയതുമാണ് വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

കോഴിയിറച്ചിക്ക് 85 രൂപയെന്ന് ജി.എസ്.ടി തുടങ്ങിയ കാലത്ത് ധനമന്ത്രി തോമസ് ഐസക് പറഞ്ഞതൊക്കെ പഴങ്കഥയായി. തലസ്ഥാനത്ത് ഒരുകിലോ ഇറച്ചിക്കോഴിയുടെ വില 130 രൂപയാണ്. രണ്ടാഴ്ച മുമ്പ് തലസ്ഥാനത്ത് 87 രൂപയായിരുന്ന സ്ഥാനത്താണിത്. 43 രൂപയുടെ വര്‍ധന. ഇത് ലൈവ് കോഴി വിലയാണ്. കോഴിയിറച്ചി തന്നെ വാങ്ങണമെങ്കില്‍ കിലോയ്ക്ക് 200 രൂപ എണ്ണിക്കൊടുക്കണം. കൊടും ചൂടാണ് വിലക്കയറ്റത്തിന് മുഖ്യ കാരണമായി വ്യാപാരികള്‍ പറയുന്നത്. പേരന്റ് ഫാമില്‍ 1000 കോഴികളുണ്ടെങ്കില്‍ ദിവസം 900 മുട്ട മുമ്പ് കിട്ടുമായിരുന്നു. വേനല്‍കാലത്ത് ഇത് 600 ആയി കുറഞ്ഞു. ഇതോടെ ഫാമുകള്‍ക്ക് ആവശ്യമായ കോഴിക്കുഞ്ഞുങ്ങളെ ലഭിക്കാതായി. വിരിയുന്ന കുഞ്ഞുങ്ങളില്‍ 35 ശതമാനത്തോളം ചൂടില്‍ ചത്തുപോകും. തീറ്റ കഴിക്കുന്നത് കുറയുന്നതുമൂലം ഇറച്ചിക്കോഴിയുടെ തൂക്കവും കുറയും. തമിഴ്നാട്ടില്‍ നിന്ന് വരുന്ന കോഴിക്ക് ഇപ്പോള്‍ 1.350 കിലോയാണ് ശരാശരി തൂക്കം. കേരളത്തിലെ ഫാമുകളിലെ കോഴികളുടെ തൂക്കം അല്‍പം കൂടും.

അവധിക്കാലവും വിവാഹസീസണും ആയതോടെ കോഴിയിറച്ചിക്ക് ആവശ്യക്കാരും ഏറി. ആവശ്യത്തിനനുസരിച്ച് ഇറച്ചി കിട്ടാത്തതോടെ വില കുതിച്ചു കയറുകയായിരുന്നു. ഈ മാസം അവസാനം വരെ വില ഉയരാനാണ് സാധ്യത. കോഴിയിറച്ചി വില കുതിച്ചുയര്‍ന്നതോടെ ഹോട്ടലുടമകളും വെട്ടിലായി. സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ ചിക്കന്‍ വിഭവങ്ങളുടെ വിലയും കൂട്ടേണ്ടിവരുമെന്ന് ഹോട്ടലുടമകള്‍ പറയുന്നു.

MORE IN BUSINESS
SHOW MORE