ഏലം കർഷകർക്ക് വിനയായി വിലയിടിവ്

cardomom-farm-t
SHARE

വിളവും കാലാവസ്ഥയും അനുകൂലമാണെങ്കിലും വിലയിടിവ് ഏലം കര്‍ഷകര്‍ക്ക് വിനയാകുന്നു. 1200 വരെ എത്തിയ ഏലക്കാ വില 800ലേക്ക് കൂപ്പുകുത്തിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഗുണനിലവാരം കുറഞ്ഞ ഗോട്ടിമാല ഏലക്കാ കേരളത്തിലെ മികച്ചയിനം ഏലക്കായ്‌ക്കൊപ്പം കുട്ടികലര്‍ത്തി വന്‍തോതില്‍ വിപണിയിലെത്തിയതാണ്  വിലയിടിവിന്റെ പ്രധാന കാരണം. 

ഇതര കാര്‍ഷിക വിളകളെ അപേക്ഷിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി ഏലം മലയോര കര്‍ഷകന് വലിയ പ്രതീക്ഷയാണ് നല്‍കിയിരുന്നത്. ജാതിയുടെയും കുരുമുളകിന്റേയുമെല്ലാം വില കൂപ്പുകുത്തിയപ്പോള്‍ ഏലക്കായ്ക്കുണ്ടായിരുന്ന മെച്ചപ്പെട്ട വില കര്‍ഷകന് വലിയ ആശ്വാസം നല്‍കി. എന്നാല്‍  ഏലക്കായുടെ വിലയിലുണ്ടായ  ഇടിവ് കര്‍ഷകന് വീണ്ടും ഇരുട്ടടിയായ. വളത്തിന്റെ ഉയര്‍ന്ന വിലയും കളയെടുപ്പുള്‍പ്പെടെയുള്ള പണിക്കൂലിയും നിലവിലെ വിലയും തമ്മില്‍ തട്ടിച്ച് നോക്കിയാല്‍ നഷ്ടത്തിന്റെ കണക്കേ കര്‍ഷകന് പറയാനുള്ളു. മുടക്ക് മുതല്‍ കണക്കാക്കിയാല്‍ 1500 രൂപയെങ്കിലും ഒരുകിലോ ഏലക്കായ്ക്ക് ലഭിക്കണമെന്നാണ് കര്‍ഷകരുടെ വാദം.

ലേല കേന്ദ്രങ്ങളില്‍ ഏലക്കാ വിലക്ക് ചാഞ്ചാട്ടമുണ്ടാകാറുണ്ടെങ്കിലും വേനല്‍മഴ ലഭിച്ചശേഷമുണ്ടായ കുത്തനെയുള്ള വിലയിടിവാണ് കര്‍ഷകരില്‍ സംശയമുളവാക്കുന്നത്. ഗോട്ടിമാലിയില്‍ നിന്നുള്ള ഏലക്കായുടെ കടന്നു വരവായിരുന്നു പോയവര്‍ഷങ്ങളില്‍ ഏലക്കായുടെ വില ഇടിച്ചത്. അടുത്ത സീസണില്‍ മെച്ചപ്പെട്ട വിളവ് ലഭിക്കാന്‍ സാധ്യത തെളിഞ്ഞതോടെ മുന്‍കാലങ്ങളിലെ പോലെ ബോധപൂര്‍വ്വം വിലയിടിവ് സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നെന്നും ആക്ഷേപമുണ്ട്. വിലയിടിവിന്റെ സൂചന ലഭിച്ച സാഹചര്യത്തില്‍ ഏലക്കായ്ക്ക് തറവില പ്രഖ്യാപിക്കണമെന്ന ആവശ്യവും കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നു.

MORE IN BUSINESS
SHOW MORE