കേംബ്രിജ് അനലിറ്റിക്കയും എസ്.സി.എൽ ഇലക്‌ഷൻസും പ്രവർത്തനം നിർത്തുന്നു

cambridge-analytica-t
SHARE

ഡാറ്റാ ചോര്‍ത്തല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട കേംബ്രിജ് അനലിറ്റിക്കയും അതിന്റെ ബ്രിട്ടനിലെ മാതൃ സ്ഥാപനവുമായ SCL ഇലക്‌ഷൻസും പ്രവർത്തനം നിർത്തുന്നു. വിവാദം കമ്പനിയുടെ ഉപയോക്താക്കളെയും മറ്റും ബാധിച്ചതിനാൽ തുടർപ്രവർത്തനങ്ങൾക്കു പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് കേംബ്രിജ് അനലിറ്റിക്ക  പറയുന്നു. പാപ്പരായി പ്രഖ്യാപിക്കണമെന്ന് കമ്പനി ഹര്‍ജി നല്‍കി. 

ഓൺലൈൻ പരസ്യരീതിയുടെ ഭാഗമായി നിയമപരവും പൊതുവിൽ സ്വീകാര്യവുമായ നിലയിൽ പ്രവർത്തിച്ച കമ്പനിക്ക് പരിഹരിക്കാനാകാത്ത അപകീർത്തിയാണ്  മാധ്യമ വാർത്തകൾ സൃഷ്ടിച്ചതെന്ന് ലണ്ടനില്‍ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കേംബ്രിജ് അനലിറ്റിക്ക പറയുന്നു. യുകെയിലും ന്യൂയോർക്കിലെ ഫെഡറൽ കോടതിയിലും കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുളള നിയമനടപടികൾക്കായി കേംബ്രിജ് അനലിറ്റിക്ക ഹർജി നൽകി. അതേസമയം, കേംബ്രിജ് അനലിറ്റിക്ക പ്രവർത്തനം നിർത്തിയാലും വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിനെതിരായി ആരംഭിച്ച നിയമനടപടികൾ തുടരാനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. 

വിവര വിശകലന സ്ഥാപനമാണു കേംബ്രിജ് അനലിറ്റിക്കയെന്നും രാഷ്ട്രീയ നിലപാടുകൾ മാറ്റിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 2014 ൽ ഫെയ്സ്ബുക് വഴി മാത്രം ലോകമാകെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങളാണു നഷ്ടപ്പെട്ടതെന്നാണു കണക്കുകൾ. ഏറ്റവുമധികം യുഎസിൽ; 7.06 കോടി പേർ. 5.64 ലക്ഷം പേരുടെ സ്വകാര്യവിവരങ്ങൾ നഷ്ടമായ ഇന്ത്യ ഇക്കാര്യത്തിൽ ഏഴാം സ്ഥാനത്താണ്. വ്യക്തികളുടെ താൽപര്യങ്ങൾ, അഭിരുചികൾ, ഇഷ്ടങ്ങൾ, ബന്ധങ്ങൾ എന്നിവയടങ്ങിയ വിവരശേഖരമാണു ചോർത്തിയത്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പ്രചാരകർക്കുവേണ്ടി കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ വാർത്തയാണ് കമ്പനിക്കു തിരിച്ചടിയായത്. ഫെയ്സ്ബുക്കിനു പിന്നാലെ ട്വിറ്ററും കഴിഞ്ഞയാഴ്ച ഡേറ്റാ ചോർത്തൽ വിവാദത്തിൽപ്പെട്ടിരുന്നു. ലോകത്തെ മുൻനിര സമൂഹമാധ്യമങ്ങളിലൊന്നായ ട്വിറ്ററിനെതിരെയും വിവരച്ചോർച്ച ആക്ഷേപമുണ്ടായതോടെ ‘ഡേറ്റ ചോർത്തൽ’  വീണ്ടും വാർത്തകളിൽ ഇടം നേടി. ഇതിനിടെയാണ് കേംബ്രിജ് അനലിറ്റിക്ക പ്രവർത്തനം നിർത്തുന്നുവെന്ന വാർത്ത പുറത്തുവരുന്നത്. 2013ല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേംബ്രിജ് അനലിറ്റിക്ക പ്രവര്‍ത്തനം തുടങ്ങുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കോടീശ്വരനായിരുന്ന റോബര്‍ട്ട് മെര്‍സറും സ്റ്റീവ് ബന്നോണും, 150 ലക്ഷം ഡോളര്‍ മുതല്‍മുടക്കിലാണ് കമ്പനി സ്ഥാപിച്ചത്. ഡോണള്‍ഡ് ട്രംപിന്റെ വിജയത്തെത്തുടര്‍ന്ന്, സമാനമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് കേംബ്രിജ് അനലിറ്റിക്ക മറ്റു പലരെയും സമീപിച്ചിരുന്നു. 

MORE IN BUSINESS
SHOW MORE