മിനിമം ബാലന്‍സിനും നികുതിയടയ്ക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം

minimum-balance-tax-t
SHARE

ഉപഭോക്താക്കള്‍ നിലനിര്‍ത്തുന്ന മിനിമം ബാലന്‍സിനും നികുതിയടയ്ക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം. നിലവില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവരില്‍ നിന്ന് ഈടാക്കുന്ന പിഴയ്ക്കാണ് ബാങ്കുകള്‍ നികുതി അടയ്ക്കുന്നത്. അഞ്ചുവര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ നികുതി നല്‍കണമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഗുഡ്സ് ആന്‍റ് സര്‍വീസസ് ടാക്സ് ഇന്‍റലിജന്‍സിന്റെ നോട്ടിസ്. 

ശമ്പള അക്കൗണ്ടുകള്‍, മറ്റ് ക്ഷേമപദ്ധതി അക്കൗണ്ടുകള്‍ എന്നിവ ഒഴിച്ചുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്കാണ് ഇപ്പോള്‍ മിനിമം ബാലന്‍സ് നിര്‍ബന്ധം. ബാങ്കുകള്‍ നിര്‍ദേശിക്കുന്ന കുറഞ്ഞ തുക അക്കൗണ്ടില്‍ ഇല്ലെങ്കില്‍ പിഴയടയ്ക്കണം. ഇത്തരത്തില്‍ ഈടാക്കുന്ന പിഴയ്ക്ക് ബാങ്കുകള്‍ നിശ്ചിത തുക ജിഎസ്ടി നല്‍കുന്നുണ്ട്. എന്നാല്‍, മിനിമം ബാലന്‍സ് നിലനിര്‍ത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് എന്തുകൊണ്ട് നികുതി ഈടാക്കുന്നില്ല എന്ന് ആരാഞ്ഞുകൊണ്ടാണ്  ഡയറക്ടര്‍ ജനറല്‍ ഓഫ് ഗുഡ്സ് ആന്‍റ് സര്‍വീസസ് ടാക്സ് ഇന്‍റലിജന്‍സ് ഷോ കോസ് നോട്ടിസ് പുറത്തിറക്കിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച് ഡി എഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ പ്രമുഖര്‍ക്കാണ് ഇപ്പോള്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്. അഞ്ചുവര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ നികുതി അടയ്ക്കണമെന്നും നോട്ടിസില്‍ നിര്‍ദേശമുണ്ട്. 

മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവരില്‍ നിന്ന് ഈടാക്കുന്ന പിഴയ്ക്കുള്ള നികുതി, മിനിമം ബാലന്‍സ് ഉള്ളവര്‍ക്ക് നല്‍കുന്ന സൗജന്യമായി കണക്കാക്കിയാണ് തുക ഈടാക്കുകയെന്നും നോട്ടിസില്‍ പറയുന്നു. ഇത് ആയിരക്കണക്കിന് കോടി രൂപ വരും. അതേസമയം, മുന്‍കാല പ്രാബല്യത്തോടെയായതിനാല്‍ ഇത് ഉപഭോക്താക്കളില്‍ നിന്ന് എങ്ങനെ ഈടാക്കും എന്നകാര്യത്തില്‍ ആശങ്കയിലാണ് ബാങ്കുകള്‍. നോട്ടിസ് അനുസരിച്ച് നികുതിവകുപ്പ് മുന്നോട്ടുപോകുകയാണെങ്കില്‍ ചെറുക്കാനുള്ള നടപടികളും ആലോചിക്കുന്നുണ്ടെന്ന് ബാങ്കിങ് വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ ഏതാനും ബാങ്കുകള്‍ക്കുമാത്രമാണ് നോട്ടിസ് ലഭിച്ചിരിക്കുന്നത്. താമസിയാതെ എല്ലാബാങ്കുകള്‍ക്കും നികുതിവകുപ്പിന്റെ നിര്‍ദേശമെത്തും. 

MORE IN BUSINESS
SHOW MORE