ഇന്ത്യയിലെ ആദ്യത്തെ പതിനായിരം കോടി ഡോളര്‍ മൂല്യമുള്ള കമ്പനിയായി ടിസിഎസ്

tata-consultancy-t
SHARE

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഇന്ത്യയിലെ ആദ്യത്തെ പതിനായിരം കോടി ഡോളര്‍ വിപണി മൂല്യമുള്ള കമ്പനിയായി.  ഓഹരിവില ഇന്ന് വ്യാപാരത്തിനിടെ റെക്കോര്‍ഡ് നിലയിലെത്തി. 

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.  വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ടിസിഎസ് ഇതോടെ ഇന്ത്യന്‍ കമ്പനികളില്‍ മുന്‍പന്തിയിലെത്തി. അമേരിക്കന്‍ ഐടി കമ്പനിയായ അക്സെഞ്ചറിനേക്കാള്‍ വിപണി മൂല്യം ഇപ്പോള്‍ ടിസിഎസിന് അവകാശപ്പെടാം. 52 ഇന്ത്യന്‍ ഐടി കമ്പനികളുടെ ആകെ വിപണി മൂല്യത്തേക്കാള്‍ അധികണാണ് ടിസിഎസിന്റെ ഇപ്പോഴത്തെ മൂല്യം. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ടിസിഎസിന്റെ ഓഹരിവില വര്‍ധനയ്ക്ക് ഇടയാക്കി. 25 പൈസ കുറഞ്ഞ് 66 രൂപയാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം. 

2010ല്‍ ആണ് ടിസിഎസ് 2500 കോടി ഡോളര്‍ വിപണി മൂല്യമുള്ള കമ്പനിയാകുന്നത്. മൂന്നുകൊല്ലത്തിനുശേഷം അയ്യായിരം കോടി ഡോളര്‍ പിന്നിട്ടു. ഇപ്പോള്‍ 2018 ആയപ്പോഴേക്ക്  പതിനായിരം കോടി ഡോളര്‍ കമ്പനിയെന്ന കടമ്പയും പിന്നിട്ടു. കഴിഞ്ഞ രണ്ടു സെഷനുകളിലായി ടിസിഎസിന് 9 ശതമാനത്തിലേറെ ഓഹരിവില കൂടിയത് മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തിലെ മികച്ച പ്രവര്‍ത്തന ഫലത്തിന്റെ പിന്‍ബലത്തിലാണ്. ഇതോടെ റിലയന്‍സ് ഇന്‍ഡസ്്ട്രീസ്, മാരുതി സുസുകി, ഇന്‍ഫോസിസ്, എഫ്എംസിജി പ്രമുഖരായ ഐടിസി, ഹിന്ദുസ്ഥാന്‍ ലീവര്‍ എന്നിവയേക്കാള്‍ പ്രിയമേറിയതായി ടിസിഎസ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കമ്പനിയുടെ വിപണി മൂല്യത്തില്‍ ഏഴുനൂറ് ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. 

MORE IN BUSINESS
SHOW MORE