പോക്കറ്റ് ‘പൊള്ളിച്ച്’ ഇന്ധനവില; ഏറ്റവും ഉയർന്ന നിരക്ക് കേരളത്തിൽ

uae-fuel
SHARE

ചരിത്രം കുറിച്ചും ജനത്തിന്റെ നടുവൊടിച്ചും ഇന്ധനവില. കേരളത്തിൽ പെട്രോളിന്റേയും ഡീസലിന്റേയും വില ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന നിരക്കിലെത്തി. തിരുവനന്തപുരത്ത് ഒരു ലീറ്റർ പെട്രോളിന് എഴുപത്തെട്ടുരൂപ നാൽപ്പത്തിമൂന്ന് പൈസയും ഡീസൽ ലീറ്ററിന് എഴുപത്തൊന്നുരൂപ ഇരുപത്തൊൻപത് പൈസയുമായി. 

രാജ്യമെങ്ങും ഇന്ധനവില കുതിച്ചുയരുകയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലാണ് വില കൂടുതല്‍. തിരുവനന്തപുരത്ത് പെട്രോള്‍ 78 രൂപ 43 പൈസ, ഡീസല്‍ 71 രൂപ 29 പൈസ. മറ്റു ജില്ലകളിലും വില ഉയര്‍ന്ന നിരക്കില്‍ തന്നെ.  ബെംഗളുരു, ചെന്നൈ, പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി എന്നിവിടങ്ങളിലെല്ലാം ഇന്ധനവില കേരളത്തെ അപേക്ഷിച്ച് കുറവാണ്. എന്നാൽ മുംബൈയിൽ വിലക്കയറ്റം അതിരൂക്ഷമാണ്. ഒരു ലീറ്റർ പെട്രോളിന് എണ്പത്തിരണ്ടുരൂപ മുപ്പത്തഞ്ചുപൈസയാണ് മുംബൈയിലെ ഇന്നത്തെ വില. എന്നാല്‍ മാഹിയില്‍ പെട്രോളിന് 72 രൂപ 26 പൈസയും ഡീസലിന് 67 രൂപ ഒരു പൈസയും. 

രാജ്യാന്തരതലത്തില്‍ അസംസ്കൃത എണ്ണവിലയിലുള്ള വര്‍ധനയാണ് കാരണമെന്ന് എണ്ണകമ്പനികള്‍ പറയുന്നു. എന്നാല്‍ ഇന്ധനവില ഇതിന് മുമ്പ് ഉയര്‍ന്നുനിന്ന 2013–14 കാലത്തുള്ളതിന്റെ പകുതി മാത്രമാണ് ഇപ്പോള്‍ അസംസ്കൃത എണ്ണവില.

പെട്രോള്‍, ഡീസല്‍ വിലയുടെ പകുതിയോളം കേന്ദ്ര, സംസ്ഥാന തീരുവകളാണ്. ഇറക്കുമതി  തീരുവ കുറയ്ക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും ധനമന്ത്രാലയം അംഗീകരിച്ചിട്ടില്ല. കേന്ദ്രം തീരുവകുറയ്ക്കട്ടെയെന്നാണ് ധനമന്ത്രി തോമസ് ഐസകിന്റെയും നിലപാട്. കേന്ദ്ര–സംസ്ഥാനസര്‍ക്കാരുകള്‍ നികുതികുറച്ചില്ലെങ്കില്‍ വില ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യത.

MORE IN Business
SHOW MORE