നികുതി ചുമത്തൽ മോദിയുടെ നയം; ഇന്ധനവിലയിൽ സർക്കാരിനെതിരെ പി. ചിദംബരം

p-chidambaram-t
SHARE

ഇന്ധനവിലക്കയറ്റത്തില്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി മുന്‍ ധനമന്ത്രി പി.ചിദംബരം. 2014ല്‍ ക്രൂഡോയില്‍ വില ഇപ്പോഴത്തേതിലും ഉയര്‍ന്നിരുന്നപ്പോള്‍ ഇന്ധനവില ഇത്ര കൂടിയിരുന്നില്ലെന്ന് ചിദംബരം പറഞ്ഞു. നികുതി ചുമത്തല്‍ നയമാണ് മോദി സര്‍ക്കാര്‍ പിന്‍തുടരുന്നതെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.  പരമ്പരയായി ഇറക്കിയ ട്വിറ്റര്‍ മെസേജുകളിലൂടെയാണ് ചിദംബരം മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. 2014 മെയ് മാസത്തില്‍ ക്രൂഡോയില്‍ വില ബാരലിന് 105 ഡോളറായിരുന്നെന്ന് മുന്‍ ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ അന്ന് ഇന്ധനവില ഇത്ര അധികമായിരുന്നില്ല. ഇന്ന് ക്രൂഡോയിലിന് 74 ഡോളറായപ്പോഴേക്കും ഇന്ധനവില കുതിച്ചുയരുകയാണ്. ഡല്‍ഹിയില്‍ ഇന്നലെ ഡീസലിന് 65 രൂപ 27 പൈസയിലും മുംബൈയില്‍ 69 രൂപ 50 പൈസയിലുമെത്തി റെക്കോര്‍ഡിട്ടു. എന്തുചെയ്യണമെന്നറിയാതെ മോദിസര്‍ക്കാര്‍ കുഴങ്ങുകയാണെന്ന് ചിദംബരം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ജൂണില്‍ ഇന്ധന വില നിയന്ത്രണം എടുത്തമാറ്റിയതോടെ ദിനംപ്രതി വില കൂടുകയാണ്. എക്സൈസ് ഡ്യൂട്ടിയും വാറ്റും ചുമത്തിയാണ് ഇന്ധനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന ബിജെപി എന്തുകൊണ്ട് ഈ നികുതികള്‍ കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് ചിദംബരം ചോദിക്കുന്നു. 

MORE IN BUSINESS
SHOW MORE