വിമാനങ്ങളുടെ സാങ്കേതികത്തകരാറുകൾ മൂലം വന്‍ പ്രതിസന്ധിയില്‍ ഇന്‍ഡിഗോ

indigo-t
SHARE

വിമാനത്തിന്റെ സാങ്കേതികത്തകരാര്‍ മൂലം വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാനസര്‍വീസായ ഇന്‍ഡിഗോ. ഈ മാസം 31 വരെയുള്ള 406 ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കി. അതേസമയം എ 320 നിയോ വിമാനങ്ങള്‍ ഗതാഗത യോഗ്യമാണോയെന്ന് പരിശോധിച്ച് അറിയിക്കാന്‍ ഡല്‍ഹി ഹൈക്കോടതി  / സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. അതിനിടെ ചില റൂട്ടുകളില്‍ വിമാനയാത്രാക്കൂലി കുത്തനെ കൂടി. ഡല്‍ഹി–ചണ്ഡീഗഡില്‍ 32 ശതമാനവും, ബെംഗളൂരു –തിരുവനന്തപുരം 16 ശതമാനവും ഹൈദരാബാദ്–കൊച്ചി റൂട്ടില്‍ 10 ശതമാനവും ടിക്കറ്റ് നിരക്ക് കൂടി. 

യന്ത്രത്തകരാറിനെത്തുടര്‍ന്ന് ഇന്‍ഡിഗോയുടെ എട്ട് എയര്‍ബസുകള്‍ നിലത്തിറക്കാന‍് ഡിജിസിഎ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് തുടക്കമിട്ടത്. ഈ മാസം 16നും 31നും ഇടയ്ക്കുള്ള 406 ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ ഇ‍ന്‍ഡിഗോയ്ക്ക് റദ്ദാക്കേണ്ടിവന്നതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്. ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച പരാതിക്കാരന്‍ എ 320 നിയോ വിമാനങ്ങളുടെ എന്‍ജിന്‍ പരാജയപ്പെട്ട നൂറിലേറെ സംഭവങ്ങളുണ്ടെന്ന് ആരോപിച്ചു. യൂറോപ്യന്‍ വ്യോമ സുരക്ഷാ ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ഈ എയര്‍ ബസുകള്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നിരോധിച്ചിട്ടുള്ള കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, അനുവദിച്ച റൂട്ടുകളില്‍ ഒരു മാസത്തോളം സര്‍വീസ് നടത്താതിരുന്നാല്‍ ആ റൂട്ടുകള്‍ വിമാനക്കമ്പനിക്ക് നഷ്ടമാകുമെന്നാണ് ചട്ടം. 

ഡിസിസിഎയ്ക്ക് ലഭ്യമായ വിവരമനുസരിച്ച് 2017 സെപ്റ്റംബര്‍ 15 വരെയുള്ള 18 മാസത്തിനിടയ്ക്ക് ഇന്‍ഡിഗോയുടെ എ 320 എയര്‍ ബസുകള്‍ക്ക് 69 തവണ എന്‍ജിന്‍ തകരാറുണ്ടായിട്ടുണ്ട്. അതായത് എല്ലാ ആഴ്ചയും ഒരു തകരാര്‍ വീതം റെക്കോ‍ര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും, കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രമാണ് ഈ വിമാനങ്ങള്‍ നിര്‍ബന്ധപൂര്‍വം നിലത്തിറക്കാന്‍ നിര്‍ദേശം നല്‍കുന്നത്. ഇന്‍ഡിഗോയുടെ ആകെയുള്ള 155 എ 320 എയര്‍ ബസുകളില്‍ 31 എണ്ണമാണ് എ 320 നിയോ വിമാനങ്ങള്‍. അതിനിടെ, അതിനിടെ തകരാറിലായ എന്‍ജിനുകള്‍ നാല്‍പത് ദിവസത്തിനുള്ളില്‍ മാറ്റി നല്‍കാമെന്ന് നിര്‍മാതാക്കളായ പ്രാറ്റ് ആന്‍ഡ് വിറ്റ്നി സമ്മതിച്ചിട്ടുണ്ട്.  

MORE IN BUSINESS
SHOW MORE