ജിയോയ്ക്ക് പിന്നിൽ ഇഷ; 2.5 ലക്ഷം കോടിയുടെ ആ രഹസ്യം വെളിപ്പെടുത്തി അംബാനി

isha-mukesh-ambani
SHARE

ഇന്ത്യൻ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച റിലയൻസ് ജിയോയുടെ അണിയറ രഹസ്യങ്ങൾ വെളിപ്പെടുത്തി മുകേഷ് അംബാനി. ജിയോയുടെ ആശയം തന്റെയല്ല.  മകൾ ഇഷയാണ് ജിയോ ആശയം തന്റെ മനസിലേക്കിട്ടതെന്ന് മുകേഷ് അംബാനി പറഞ്ഞു.  ലണ്ടനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അംബാനി.  

2011 ൽ അമേരിക്കയിലെ യാലെ സർവ്വകലാശാലയിൽ പഠിക്കുന്ന കാലത്ത് ഇഷ അവധിക്ക് വീട്ടിൽ വന്നപ്പോഴാണ് ജിയോ ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. അവൾക്ക് കുറച്ച് കോഴ്സ്‌വർക്കുകൾ പൂർത്തിയാക്കണമായിരുന്നു. വീട്ടിലെ ഇന്റർനെറ്റ് ഉപയോഗിച്ചാണ് അവൾ വർക്ക് ചെയ്തത്. അച്ഛാ, നമ്മുടെ വീട്ടിലെ ഇന്റർനെറ്റ് വളരെ മോശമാണെന്ന് അവൾ എന്നോട് പറഞ്ഞു. മകളുടെ പരാതിയും അംബാനി ആ നിമിഷം ഓർത്തെടുത്തു.

ഇതേക്കുറിച്ച് ഇഷയുടെ സഹോദരൻ ആകാശ് പറഞ്ഞത് ഇങ്ങനെ, ‘ഡാഡ് നിങ്ങളുടെ തലമുറയ്ക്ക് ആ ഭാഗ്യം ലഭിച്ചില്ല. പഴയ കാലത്ത് ടെലികോം ശബ്ദം മാത്രമായിരുന്നു, കോളുകൾ വിളിച്ചാലും സ്വീകരിച്ചാലും ജനങ്ങൾ പണം നൽകേണ്ടിവന്നു, എന്നാൽ ഇന്നത്തെ കാലത്ത് എല്ലാം ഡിജിറ്റലാണ്.’ 

ഇഷയും ആകാശും ഈ ആശയം മുന്നോട്ടുവെക്കുന്ന സമയത്ത് ഇന്ത്യയിൽ ഇന്റർനെറ്റ് നെറ്റ്‌വർക്ക് വേഗം പരിതാപകരമായിരുന്നു. കുറഞ്ഞ ഡേറ്റ ഉപയോഗിക്കാൻ ജനങ്ങൾ വലിയ തുക നല്‍കണം. രാജ്യത്തെ ഭൂരിഭാഗം വരുന്ന സാധാരണക്കാർക്ക് അത് താങ്ങാൻ സാധിക്കുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കിൽ അതിവേഗ ഡേറ്റ ജനങ്ങൾക്ക് എങ്ങനെ നൽകാമെന്ന് ചിന്തിച്ചത്. 2011 ൽ ഇഷ മുന്നോട്ടുവെച്ച ആശയമാണ് 2016 സെപ്റ്റംബറിൽ റിലയൻസ് ജിയോ അവതരിപ്പിക്കുന്നതിലേക്ക് എത്തിയതെന്നും മുകേഷ് അംബാനി പറഞ്ഞു. ഏകദേശം രണ്ടര ലക്ഷം കോടി രൂപയാണ് ജിയോയ്ക്കായി അംബാനി നിക്ഷേപിച്ചത്.

MORE IN BUSINESS
SHOW MORE