സർവീസുകൾ റദ്ദാക്കുന്നത് തുടര്‍ന്ന് ഇൻഡിഗോ എയർലൈൻസ്

Indigo-Airways-t
SHARE

ഇൻഡിഗോ എയർലൈൻസ് വിമാനസർവീസുകൾ റദ്ദാക്കുന്നത് തുടരുന്നു. ഇന്നാകെ 42 സർവീസുകളാണ് റദ്ദുചെയ്തത്.  പ്രാറ്റ്, വിറ്റ്നി സീരീസ് എൻജിൻ ഘടിപ്പിച്ച എയർബസ് എ.320 നിയോ വിമാനങ്ങളിൽ പരിശോധന നടത്തുന്നതിൻറെ ഭാഗമായാണിത്.  

മുംബൈ, കൊല്‍ക്കത്ത, പുണെ, ജെയ്പൂര്‍, ശ്രീനഗര്‍, ഭുവനേശ്വര്‍, ചെന്നൈ, ഡല്‍ഹി, ഡറാഡൂണ്‍, അമൃത്‌സര്‍, ബെംഗളൂരൂ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള 42 സര്‍വീസുകള്‍ റദ്ദാക്കിയതായാണ് ഇന്‍ഡിഗോ വെബ്സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്. ഗോ എയറും സര്‍വീസ് റദ്ദാക്കിയെങ്കിലും ഏതൊക്കെയെന്ന് വ്യക്മാക്കിയിട്ടില്ല. സിവിൽ വ്യോമയാന ഡയറക്ടർജനറൽ നിർദേശത്തെതുടർന്ന് ഇന്നലെ 47സർവീസുകൾ നിർത്തിയിരുന്നു. രണ്ടുദിവസംമുൻപ്, എൻജിൻ തകരാറിനെതുടർന്ന് ഇൻഡിഗോവിമാനം അഹമ്മദാബാദിൽ അടിയന്തിരമായി ഇറക്കിയിരുന്നു. പിന്നാലെയാണ് പറക്കലിനിടെ എൻജിന്‍തകരാറുണ്ടാകാൻ സാധ്യതയുള്ള വിമാനങ്ങള്‍ക്ക് പരിശോധന നിർബന്ധമാക്കിയത്. റദ്ദാക്കല്‍ തുടരുന്നതോടെ രാജ്യമെമ്പാടുമുള്ള ഇന്‍ഡിഗോ, ഗോ എയര്‍ യാത്രക്കാര്‍ പ്രതിസന്ധിയിലായി. ആയിരക്കണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്. അവസരം മുതലെടുത്ത് അവസാനനിമിഷ ബുക്കിങ്ങിന് മറ്റ് വിമാനക്കമ്പനികള്‍ കൂടുതല്‍ തുക ഈടാക്കുന്നതായും പരാതിയുണ്ട്. അതേസമയം, യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ട് കുറയ്ക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കമ്പനി അറിയിച്ചു. അധിക തുക ഈടാക്കാതെ റദ്ദാക്കിയ സര്‍വീസുകള്‍ പുനക്രമീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

MORE IN BUSINESS
SHOW MORE