വായ്പാ തട്ടിപ്പിലൂടെയുണ്ടായ നഷ്ടം നികത്തുമെന്ന് പഞ്ചാബ് നാഷ്ണൽ ബാങ്ക്

pnb
SHARE

നിരവ് മോഡിയും മെഹുല്‍ ചോക്സിയും നടത്തിയ വായ്പാ തട്ടിപ്പിലൂടെ സഹ ബാങ്കുകള്‍ക്കുണ്ടായ നഷ്ടം പഞ്ചാബ് നാഷണല്‍ ബാങ്ക് നികത്തും. ഈ മാസം അവസാനത്തോടെ ഈ ബാങ്കുകള്‍ക്ക് നഷ്ടമായ പണം മടക്കി നല്‍കുമെന്നാണ് സൂചന. അതിനിടെ  മറ്റുബാങ്കുകളുടെ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് സ്വീകരിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കിയ ഏഴായിരം കോടി രൂപ ബാങ്ക് ഓഫ് ഇന്ത്യ തിരിച്ചു പിടിച്ചു.   

വജ്രവ്യാപാരികളായ നിരവ് മോഡിക്കും മെഹുല്‍ ചോക്സിക്കും പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ്ങ്സ് സ്വീകരിച്ച് പണം നല്‍കിയതുവഴിയാണ് മറ്റുബാങ്കുകളും തട്ടിപ്പിന് ഇരയായത്. ഏകദേശം ആറായിരം കോടി രൂപ ഇത്തരത്തില്‍ മറ്റു ബാങ്കുകള്‍ക്ക് നഷ്ടമായി. ഈ നഷ്ടം നികത്താമെന്നാണ് ഇപ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് സമ്മതിച്ചിരിക്കുന്നത്. പൊതുമേഖലയില്‍ തന്നെയുള്ള എസ്ബിഐ, യൂണിയന്‍ ബാങ്ക്, യൂക്കോ ബാങ്ക്, അലഹാബാദ് ബാങ്ക് എന്നിവയാണ് പണം നഷ്ടമായവയില്‍ പ്രമുഖര്‍.  അതേസമയം, തട്ടിപ്പില്‍ സഹ ബാങ്കുകള്‍ക്കും പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയാല്‍ പണം മടക്കി നല്‍കണമെന്ന നിബന്ധന പിഎന്‍ബി മുന്നോട്ടുവച്ചിട്ടുണ്ട്. അതിനിടെ കഴിഞ്ഞ രണ്ടുമാസം കൊണ്ടാണ് മറ്റുബാങ്കുകളുടെ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയ ഏഴായിരം കോടി രൂപ പ്രസ്തുത ബാങ്കുകളില്‍ നിന്ന് ബാങ്ക് ഓഫ് ഇന്ത്യ തിരിച്ചുപിടിച്ചത്. അവശേഷിക്കുന്ന രണ്ടായിരം കോടി രൂപ അടുത്ത രണ്ടുമാസംകൊണ്ട് തിരിച്ചുപിടിക്കുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. നിഷ്ക്രിയ ആസ്തി വര്‍ധിച്ചതുവഴി റിസര്‍വ് ബാങ്കിന്റെ തിരുത്തല്‍ പ്രക്രിയയില്‍ ഉള്‍പ്പെട്ട ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഉണര്‍വ് പകരുന്നതാണ് ഇപ്പോഴത്തെ നടപടി. 

MORE IN BUSINESS
SHOW MORE