ആഫ്രിക്കയിൽ വൻ നിക്ഷേപാവസരമെന്ന് അലികോ ഡംഗോട്ടെ

africa-company
SHARE

ആഫ്രിക്കയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വന്‍ നിക്ഷേപാവസരങ്ങളുണ്ടെന്നും അത് പ്രയോജനപ്പെടുത്തണമെന്നും ഡംഗോട്ടെ ഗ്രൂപ്പ് പ്രസിഡന്‍റും ആഫ്രിക്കയിലെ ഏറ്റവും ധനികനുമായ അലികോ ഡംഗോട്ടെ.  ലോകത്തെ ഏറ്റവും വലിയ പെട്രോളിയം റിഫൈനറിയാണ്  നൈജീരിയയില്‍ ഡംഗോട്ടെ ഗ്രൂപ്പ് നിര്‍മിക്കുന്നത്. റിഫൈനറിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയിലെ വിവിധ കമ്പനികള്‍ പങ്കാളികളാണെന്നും ഇതിനകം പതിനേഴായിരം കോടിരൂപയുടെ കരാറുകള്‍ നല്‍കിയിട്ടുണ്ടെന്നും അലികോ ഡംഗോട്ടെ ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറ‍ഞ്ഞു. 

ഉപ്പുമുതല്‍ സിമന്‍റ്‍ നിര്‍മാണംവരെ, 19 രാജ്യങ്ങളിലായി പരന്നുകിടക്കുന്ന ഗ്രൂപ്പ്. നൈജീരിയയിലെ ഏറ്റവും വലിയ സിമന്‍റ് നിര്‍മാണകമ്പനി. ഇപ്പോള്‍ പെട്രോളിയം റിഫൈനറിരംഗത്തേക്കും കടക്കുകയാണ് ഡംഗോട്ടെ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. റിഫൈനറി നിര്‍മാണത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ കമ്പനികള്‍ക്ക് ശതകോടികളുടെ ബിസിനസ് നല്‍കിക്കഴിഞ്ഞു. ആയിരക്കണക്കിനു ഇന്ത്യക്കാര്‍ക്ക് ജോലിയും ലഭിക്കുമെന്ന് അലികോ ഡംഗോട്ടെ പറഞ്ഞു. ഡല്‍ഹിയില്‍ കഴിഞ്ഞദിവസം മാത്രം ആയിരത്തിഅഞ്ഞൂറുകോടിരൂപയുടെ കരാര്‍ ഇന്ത്യന്‍ കമ്പനിയുമായി ഒപ്പിട്ടു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും വിലക്കുറവുമാണ് പ്രധാന ആകര്‍ഷണമെന്നും അലികോ ഡംഗോട്ടെ പറഞ്ഞു. 

ആഫ്രിക്കയിലെ നിക്ഷേപാവസരങ്ങള്‍ ഇന്ത്യക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തണം. ആഫ്രിക്കയില്‍ ചൈന വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. നൈജീരിയയിലെ റിഫൈനറിയില്‍ മാത്രം നാല്‍പതിനായിരത്തോളം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്ന് ഡംഗോട്ടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലെ ഏക ഇന്ത്യക്കാരന്‍ ദേവകുമാര്‍ എഡ്വിന്‍ പറഞ്ഞു. മലയാളികള്‍ അടക്കം ഇരുപത്തിയ്യായിരത്തിലധികം ഇന്ത്യക്കാര്‍ നേരിട്ടും അല്ലാതെയും ഡംഗോട്ടെ ഗ്രൂപ്പിനായി നിലവില്‍ ജോലി ചെയ്യുന്നുണ്ട്. അതേസമയം, 2020നുശേഷം മാത്രമേ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നകാര്യത്തില്‍ ഡംഗോട്ടെ ഗ്രൂപ്പ് തീരുമാനമെടുക്കൂ. 

MORE IN BUSINESS
SHOW MORE