ഐഡിബിഐ–ഫെഡറൽ ലൈഫ് ഇൻഷുറൻസ് കമ്പനി വാങ്ങാനൊരുങ്ങി മാക്സ് ലൈഫ്

max-life-t
SHARE

ഫെഡറൽ ബാങ്കിന് ഓഹരി പങ്കാളിത്തമുള്ള പ്രമുഖ ഇൻഷുറൻസ് കമ്പനിയായ ഐ ഡി ബി ഐ – ഫെഡറൽ ലൈഫ് ഇൻഷുറൻസ് കമ്പനി വാങ്ങാൻ മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനി നീക്കം സജീവമാക്കി. അന്‍പത്തിയൊന്ന് ശതമാനം ഓഹരികള്‍ വാങ്ങി കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് മാക്സ് ലൈഫ് ഒരുങ്ങുന്നത്. ഇതിന്റെ വില സംബന്ധിച്ച വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. 

ഐഡിബി ഐ -ഫെഡറൽ ലൈഫിന്റെ 51 ശതമാനം ഓഹരികൾക്ക്  6000 കോടി രൂപയുടെ മാർക്കറ്റ് മൂല്യമാണ്  കണക്കാക്കുന്നത്. ഐ ഡി ബി ഐ ബാങ്കിന് 48 ശതമാനവും ഫെഡറൽ ബാങ്കിന് 26 ശതമാനവും ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളത്. ബെൽജിയം ആസ്ഥാനമായ ഏജിയസ് എസ്. എ എന്ന ഇൻഷുറൻസ് കമ്പനിക്കു 26 ശതമാനം ഓഹരിയുണ്ട്. വില്പനയുടെ ഉപദേശകരായി ജെ. പി മോർഗൻ എന്ന സ്ഥാപനത്തെ ഐ ഡി ബി ഐ – ഫെഡറൽ ലൈഫ് നിയമിച്ചിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ ഇടപാട് മിക്കവാറും മാർച്ച് 31നകം പൂർത്തിയാകുമെന്ന് ഇതിനോട് അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മാക്സ് ലൈഫിന്റെയോ, ഐ ഡി ബി ഐ – ഫെഡറലിന്റെയോ വക്താക്കൾ ഇത് സംബന്ധിച്ചു പ്രതികരണത്തിന് തയാറായില്ല. 

മാക്സ് ലൈഫിന് പുറമെ ആദിത്യ ബിർള സൺ ലൈഫ്, കൊടക് മഹീന്ദ്ര ഇൻഷുറൻസ്, ടാറ്റ എ ഐ എ ലൈഫ് ഇൻഷുറൻസ്, എൿസൈഡ് ലൈഫ് ഇൻഷുറൻസ് എന്നീ കമ്പനികളും ഐ ഡി ബി ഐ ഫെഡറലിനെ വാങ്ങാൻ രംഗത്തുണ്ട്. എന്നാൽ മാക്സ് ലൈഫിനാണ് കൂടുതൽ സാധ്യതയെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. ഐഡിബി ഐ ഫോർട്ടിസ് ലൈഫ് ഇൻഷുറൻസ് എന്ന പേരിൽ 2008ലാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. 2010ൽ ഐ ഡി ബി ഐ ഫെഡറൽ ലൈഫ് ഇഷുറൻസ് എന്ന് പേര് മാറ്റുകയായിരുന്നു. മുംബൈ ആസ്ഥാനമായാണ് കമ്പനി പ്രവർത്തിക്കുന്നത്.

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.