ഇന്ധന വിലക്കയറ്റം: കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു

petrol-diesel
SHARE

രാജ്യത്ത് ഇന്ധന വിലക്കയറ്റം ക്രൂഡോയില്‍ വില വര്‍ധിക്കുന്നതുമൂലമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം പൊളിയുന്നു. ക്രൂഡോയിലിന് വില കൂടൂന്നുണ്ടെങ്കിലും ഡോളറിന്റെ വില കുറയുകയാണെന്ന വസ്തുത മറച്ചുവയ്ക്കുകയാണ് സര്‍ക്കാര്‍. പ്രതിസന്ധികള്‍ക്കിടയിലും എണ്ണക്കമ്പനികളുടെ ലാഭം ഇരട്ടിക്കുകയുമാണ് 

ക്രൂഡോയില്‍ ബാരലിന് 40 ഡോളറിനു താഴെ വരെ എത്തിയ വില ഇപ്പോൾ 70 ഡോളറാണ്. ഇന്ത്യയിലെ എണ്ണ വിതരണ കമ്പനികളുടെ ക്രൂഡ് ഇറക്കുമതി ചെലവ് ഉയർന്നതാണ് വില ഉയർത്തേണ്ട സാഹചര്യം ഉണ്ടാക്കിയതെന്ന ന്യായം പ്രത്യക്ഷത്തിൽ ശരിയെന്ന് ആർക്കും തോന്നും. അതേസമയം ഡോളറിലാണ് ക്രൂഡ് ഓയിൽ വാങ്ങുന്നതിന്റെ ഇടപാടുകൾ തീർക്കുന്നത്. ഇപ്പോഴാകട്ടെ ഡോളറിന്റെ വില കുത്തനെ ഇടിഞ്ഞ് ഏകദേശം 63 രൂപയിലെത്തി നില്‍ക്കുകയാണ്. അതായതു അന്താരഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്ന സാഹചര്യത്തിലും രൂപ - ഡോളർ വിനിമയ മൂല്യത്തിൽ വന്ന കുറവു മൂലം ഇറക്കുമതി ചെലവ് അതിഭീമമായി ഉയർന്നിട്ടില്ല എന്ന് സാരം. 

2013 ലാണ് ക്രൂഡ് ഇറക്കുമതിക്ക് ഏറ്റവും കൂടുതൽ ചെലവ് വേണ്ടി വന്നത്. ആ വർഷം ജൂണിൽ ഡോളർ മൂല്യം സർവകാല റെക്കോർഡ് രേഖപ്പെടുത്തി, 69 രൂപ. ക്രൂഡോയിലിനാകട്ടെ ബാരലിന് 100 ഡോളറിനും 120 ഡോളറിനും ഇടയ്ക്കായിരുന്നു. ക്രൂഡ് വിലയും ഡോളര്‍വിലയും ഉയര്‍ന്നുനിന്ന 2013ല്‍ ഡീസല്‍ വില ലീറ്ററിന് ശരാശരി 52 രൂപയായിരുന്നു. ഇപ്പോൾ ക്രൂഡ് വില 70 ഡോളറും ഡോളർ മൂല്യം 63 രൂപയുമായിരിക്കെ ഡീസൽ വില ലിറ്ററിന് 69 രൂപ 42 പൈസ. 

മറ്റൊരു വസ്തുത, മുൻകൂട്ടി നിശ്ചയിച്ച കരാറിലെ വിലയിലാണ് ക്രൂഡിന്റെ ഇറക്കുമതി. അല്ലാതെ അന്നന്നത്തെ അവധി വ്യാപാര വിലയുടെ അടിസ്ഥാനത്തിലല്ല. ഈ വില തത്സമയ വിപണി വിലയേക്കാൾ കുറവായിരിരിക്കും. അതുകൊണ്ട് ഡോളറിന്റെ കുറഞ്ഞ വിലയും നേരത്തെ നിശ്ചയിച്ച കരാറിലെ വിലയും പരിഗണിക്കുമ്പോൾ എണ്ണ കമ്പനികൾ നൽകേണ്ടിവരുന്ന വില ബാരലിന് മിക്കവാറും 60 ഡോളറിനടുത്തായിരിക്കും. ഈ വസ്തുത പൊതുജനത്തില്‍ നിന്ന് മറച്ചുവയ്ക്കുകയാണ് സര്‍ക്കാര്‍. പ്രതികൂല സാഹചര്യമാണെന്ന് പറയുമ്പോഴും എണ്ണക്കമ്പനികളുടെ ലാഭം ഇരട്ടിക്കുകയുമാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഇന്നലെ പ്രഖ്യാപിച്ച മൂന്നാം പാദ പ്രവര്‍ത്തനഫലത്തില്‍ ഏഴായിരത്തി എണ്ണൂറ്റി എണ്‍പത്തിമൂന്ന് കോടി രൂപയാണ് ലാഭം. മുന്‍വര്‍ഷം ഇതേകാലയളവില്‍ മൂവായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് കോടി മാത്രമായിരുന്നു ഐഒസിയുടെ ലാഭം 

MORE IN BUSINESS
SHOW MORE