സാംസങ് ഗ്യാലക്സി നോട്ട് 8 വിപണിയിലെത്തി

Thumb Image
SHARE

സാംസങിന്‍റെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് മോഡല്‍ ഗ്യാലക്സി നോട്ട് 8 വിപണിയിലെത്തി. നോട്ട് സെവന്‍ നേരിട്ട തിരിച്ചടികള്‍ക്ക് ശേഷം മികച്ച ഒരു ഫാബ്‍ലറ്റാണ് നോട്ട് എട്ടിലൂടെ സാംസങ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. ആദ്യനോട്ടത്തില്‍ എസ് 8 പ്ലസിനോട് വളരെയധികം സാമ്യം തോന്നും, എന്നാല്‍ തികച്ചും വ്യത്യസ്തമായ ബോഡിയാണ് നോട്ട് 8ന് സാംസങ് നല്‍കിയിരിക്കുന്നത്. ഇരുവശങ്ങളിലെയും മെറ്റല്‍ ഫ്രെയിമുകള്‍ ഫോണിനു നല്‍കുന്നത് കൈകള്‍ക്കുള്ളില്‍ മികച്ച സുരക്ഷയാണ്.

നോട്ട് സെവന്‍ കമ്പനിക്കുണ്ടാക്കിയ നഷ്ടങ്ങള്‍ പുതിയ സ്മാര്‍ട്ട് ഫോണിലൂടെ മറികടക്കാനാണ് സാംസങിന്‍റെ ശ്രമം. 3300 എം.എഎച്ച്. ബാറ്ററിയുള്ള ഫോണ്‍ തികച്ചും സുരക്ഷിതമാണെന്ന് കമ്പനി അവകാശപ്പെടുന്നു. 6.3 ഇഞ്ച് സൂപ്പര്‍ ക്വാഡ് എച്ച്ഡി അമോലെ‍ഡ് ഡിസ്പ്ലെ നല്‍കുന്നത് മികച്ച ദൃശ്യഭംഗിയാണ്. എസ് 8, എസ് 8 പ്ലസ് പോലെ തന്നെ ഫോണിന്‍റെ പിന്നിലാണ് ഫിംഗര്‍ പ്രിന്‍റ് സ്കാനറും ഡ്യൂവല്‍‍ ക്യാമറകളും. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനോട്‌ കൂടിയ 12 മെഗാപിക്സലിന്റെ ഇരട്ടക്യാമറയാണ് പിന്‍ഭാഗത്ത് നല്‍കിയിരിക്കുന്നത്. 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയാണ് മുന്നില്‍.

ക്വല്‍കം സ്നാപ്ഡ്രാഗണ്‍ 835 SoC പ്രോസസര്‍ ആണ് ഈ സ്മാര്‍ട്ട്‌ ഫോണിന് കരുത്ത് പകരുന്നത്. 64 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. 6 ജിബിയാണ് റാം. കൂടുതല്‍ സ്റ്റോറേജ് ആവശ്യമുണ്ടെങ്കില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കാം. ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ടിലാണ് ഗ്യാലക്സി നോട്ട് 8 ന്‍റെ പ്രവര്‍ത്തനം. ഐപി68 സര്‍ട്ടിഫിക്കേഷനുള്ള ഫോണ്‍ വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കും. എന്‍എഫ്സി, സാംസങ് പ്ലേയ്ക്ക് വേണ്ടിയുള്ള എംഎസ്ടി, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്‌ തുടങ്ങിയ സൗകര്യങ്ങളും ഫോണിലുണ്ട്.

ലൈവ് മെസേജ് എന്നൊരു ഫീച്ചറും സാംസങ് ഗ്യാലക്സി നോട്ട് 8 ലൂടെ അവതരിപ്പിക്കുന്നു. സാംസങ് എസ്-പെന്‍ ഉപയോഗിച്ച് ഇതിലൂടെ സ്വന്തം കൈപ്പടയില്‍ സന്ദേശങ്ങള്‍ എഴുതിയോ ചിത്രങ്ങള്‍ വരച്ചോ സുഹൃത്തുക്കള്‍ക്ക് അയക്കനാകും. അനിമേറ്റഡ് ജിഫ് രൂപത്തിലാകും ഈ ലൈവ് സന്ദേശങ്ങള്‍ സേവ് ചെയ്യപ്പെടുക. മിഡ്നൈറ്റ് ബ്ലാക്ക്, മേപ്പിള്‍ ഗോള്‍ഡ്‌, ഓര്‍ക്കിഡ് ഗ്രേ, ഡീപ് സീ ബ്ലൂ നിറങ്ങളില്‍ എത്തുന്ന സാംസങ് ഗ്യാലക്സി നോട്ട് 8ന്‍റെ വില 68000രൂപയാണ്.

MORE IN BUSINESS
SHOW MORE