നോട്ട് അസാധുവാക്കലിന്റെ 365 ദിനങ്ങൾ

1000-500-rupee
SHARE

രാജ്യത്തെ പിടിച്ചുകുലുക്കിയ നോട്ട് അസാധുവാക്കല്‍ നടപ്പിലായിട്ട് ഒരുവര്‍ഷം. വിനിമയത്തിലുണ്ടായിരുന്ന എണ്‍പത്തിയാറ് ശതമാനം നോട്ടുകള്‍ക്കും കടലാസു കഷ്ണത്തിന്‍റെ വിലപോലും ഇല്ലാതാക്കിയ തീരുമാനം വിഡ്ഢിത്തമായിരുന്നോ? വിജയമായിരുന്നോ? സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും സുപ്രധാനമായ സാമ്പത്തിക പരിഷ്ക്കരണ നടപടി രാജ്യത്തിന്‍റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ എന്തെല്ലാം ചലനങ്ങളുണ്ടാക്കി. 

2016 നവംബര്‍ എട്ടിന് രാത്രി 8.15 നായിരുന്നു രാജ്യത്തെ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആ പ്രഖ്യാപനമെത്തിയത്. ഡി മോണിറ്റേസേഷന്‍ അഥവാ നോട്ട് നിരോധനം.

48 മിനിറ്റ് പ്രസംഗം. 15.44 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകള്‍ വെറു കടലാസുതുണ്ടുകള്‍ മാത്രമായി മാറിയത് പിന്നീടുള്ള മൂന്ന് മണിക്കൂര്‍ കൊണ്ട്. എന്തുചെയ്യണമെന്നറിയാതെ നാട്ടുകാരുടെ നെട്ടോട്ടം. 98 ശതമാനം ഇടപാടുകളും നോട്ടുകള്‍ വഴി നടക്കുന്ന രാജ്യത്ത് ആ രാത്രി പ്രഖ്യാപനം ഉണ്ടാക്കാവുന്ന ആഘാതങ്ങള്‍ ചില്ലറയായിരുന്നില്ല.സ്വന്തം സമ്പാദ്യംപോലും പിന്‍വലിക്കാനാകാതെ ആളുകള്‍ വലഞ്ഞു. കഷ്ട്ടപ്പെട്ട് ക്യൂനിന്ന് കിട്ടിയതോ രണ്ടായിരത്തിന്‍റെ നോട്ട്. അത് ചെലവഴിക്കാന്‍പോലുമാകാത്ത അവസ്ഥ. 

നോട്ട് നിരോധിച്ചത് മൂന്ന് ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. 1, കള്ളപ്പണക്കാരുടെ തായ്‌വേരറക്കും. 3, കള്ളനോട്ടടിക്കുന്ന കമ്മട്ടങ്ങള്‍ പൂട്ടിക്കെട്ടും. 3, ഭീകരതയ്ക്ക് അന്ത്യമുണ്ടാക്കും.

പന്തിന് അനുസരിച്ച് പോസ്റ്റ് മാറ്റുന്നതുപോലെ നോട്ട് അസാധുവാക്കലിന്‍റെ ലക്ഷ്യങ്ങള്‍ സര്‍ക്കാര്‍ പിന്നെമാറ്റി. 1 നോട്ടുകളുടെ ഉപയോഗം കുറച്ച് ഡിജറ്റല്‍ സമ്പദ്‌വ്യവസ്ഥ ശക്തമാക്കുക മറ്റൊന്ന് കൂടുതല്‍ ആളുകളെ നികുതി പരിധിയില്‍ കൊണ്ടുവരിക. ഇതായിരുന്നു പിന്നീട് വന്ന ലക്ഷ്യങ്ങള്‍. പ്രധാനമന്ത്രി എല്ലാം പരിഹരിക്കുമെന്ന പ്രതീക്ഷ സാധാരണക്കാരിലുണ്ടായിരുന്നു. രാജ്യത്തിനുവേണ്ടി എല്ലാവരും എല്ലാം സഹിച്ചു. 

എല്ലാപ്രശ്നങ്ങളും പരിഹരിക്കാന്‍ പ്രധാനമന്ത്രി ചോദിച്ചത് അന്‍പത് ദിവസം. അന്‍പതല്ല, 365 ദിവസം തികയുമ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുവോ? നോട്ട് അസാധുവാക്കല്‍ ലക്ഷ്യം കണ്ടുവോ?

ഒടുവില്‍ റിസര്‍വ് ബാങ്കിന്‍റെ കണക്കുകള്‍ വന്നപ്പോള്‍ സര്‍ക്കാരിന്‍റെ വാദങ്ങള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു. അസാധുവാക്കിയ നോട്ടുകളില്‍ 99 ശതമാനം നോട്ടുകളും തിരികെയെത്തി. നേപ്പാളിലും ഭൂട്ടാനിലുമുള്ളവകൂടി കണക്കാക്കിയാല്‍ നൂറുശതമാനത്തിലധികം വരും. കള്ളപ്പണം ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെന്നുമാത്രമല്ല, കള്ളപ്പണവും കള്ളനോട്ടും നോട്ട് അസാധുവാക്കലിന് ശേഷം വിദഗ്ധമായി വെളുപ്പിക്കപ്പെട്ടു.

നോട്ട് അസാധുവാക്കുന്നതിന് മുന്‍പ് 15.44 ലക്ഷം കോടിയുടെ 1000, 500 രൂപാ നോട്ടുകളാണ് സമ്പദ് വ്യവസ്ഥയിലുണ്ടായിരുന്നത്. ഇതില്‍ 15.28 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ തിരികെയെത്തി. ഇതിനുപറമേ 8,000 കോടി രൂപയുടെ നോട്ടുകള്‍ സഹകരണ ബാങ്കുകളിലുമുണ്ട്.

ഇനി ഭീകര ഭീഷണിയുടെ കാര്യമെടുക്കാം. 2016 ലേതിനേക്കാള്‍ 2017 ല്‍  42 ശതമാനം പേര്‍ കൂടുതല്‍ കശ്മീരില്‍ കൊല്ലപ്പെട്ടു. ചുവപ്പന്‍ ഇടനാഴിയിലെ മാവോയിസ്റ്റ് ഭീഷണി അതുപോലെ നിലനില്‍ക്കുന്നു. സാധുവാക്കിയതില്‍ മൂന്ന് മുതല്‍ നാല് ലക്ഷം കോടി രൂപവരെ തിരികെയെത്തില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. തിരികെയെത്താത്ത ഈ നാല് ലക്ഷം കോടി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നതാണെന്നായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്. ഇക്കാര്യം സുപ്രീംകോടതിയിലും ആവര്‍ത്തിച്ചു. 99 ശതമാനം പണവും തിരികെ എത്തിയപ്പോള്‍ അവശേഷിക്കുന്ന ചോദ്യം ഇതാണ്  ദേശദ്രോഹത്തിന്‍റെ ആ ലക്ഷം കോടികള്‍ എവിടെ? കശ്മീരില്‍ സമാധാനപുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മധ്യസ്ഥ ചര്‍ച്ചകളുടെ വഴിതന്നെ ഒടുവില്‍ തിരഞ്ഞെടുത്തു.

നോട്ട് നിരോധത്തോടെ ജിഡിപി കൂപ്പുകുത്തി. 7.9 ശതമാനത്തില്‍ നിന്ന് 7.5 ശതമാനത്തിലും 7 ശതമാനത്തിലും 6.1 ശതമാനത്തിലും ഒടുവില്‍ 5.7 ശതമാനത്തിലും എത്തിനില്‍ക്കുന്നു. പടവലങ്ങപോലെ താഴോട്ടുള്ള വളര്‍ച്ച.  ജിഡിപി ഒരു ശതമാനം കുറഞ്ഞാല്‍ 1.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടാകുക. 2.2 ശതാനം കുറയുമ്പോള്‍ നഷ്ടം 3.3 ലക്ഷം കോടി രൂപ.

ഡിജിറ്റല്‍വല്‍ക്കരണത്തിനായി തുടക്കത്തിലുണ്ടായിരുന്ന ആവേശം പിന്നീട് ആറിത്തണുത്തു. 2016 നവംബറില്‍ 671.49 ദശലക്ഷം ഡിജിറ്റല്‍ ഇടപാടുകളാണ് നടന്നത്. നോട്ട് നിരോധനത്തിന് ശേഷമുള്ള  നോട്ട് ക്ഷാമം മൂലം ഡിജറ്റല്‍ ഇടപാടുകള്‍ ഡിസംബറില്‍ 957.50 ദശലക്ഷമായി ഉയര്‍ന്നു. പക്ഷെ നോട്ടുകളുടെ ലഭ്യത പഴയപോലെ ആയതോടെ  2017 ജൂലൈയില്‍ 862.38 ദശലക്ഷത്തിലേക്ക് ഇടപാടുകളുടെ എണ്ണം താഴ്ന്നു. അതായത്, 2016 നവംബറില്‍ 94 ലക്ഷം കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നു. 2017 മാര്‍ച്ചില്‍ അത് 149 ലക്ഷം കോടി രൂപയായുടെ ഇടപാടുകളായി ഉയര്‍ന്നു. എന്നാല്‍ ജൂലൈയില്‍ 107 ലക്ഷം കോടിരൂപയുടെ ഇടപാടുകളായി താഴ്ന്നു. 

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് 45 ദിവസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട ദുരിതങ്ങളില്‍ വലഞ്ഞ് മരിച്ചത് 105 പേരാണ്. നോട്ടുനിരോധനം ദിവസക്കൂലിക്കാരുടെ വയറ്റത്തടിച്ചുവെന്ന് ലേബര്‍ബ്യൂറോയുടെ കണക്കുകള്‍. ഒരുലക്ഷത്തി അന്‍പത്തിരണ്ടായിരം  പേര്‍ക്കാണ് ജോലിപോയത്.  കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആത്മഹത്യചെയ്തത് 18,000 കര്‍ഷകര്‍. മൂന്ന് ലക്ഷം ചെറുകിട വ്യവസായങ്ങള്‍ പൂട്ടി. 

കള്ളനോട്ടിന്‍റെ കാര്യം നോക്കാം. 400 കോടി രൂപയുടെ കള്ളനോട്ട് രാജ്യത്തുണ്ടെന്നാണ് എന്‍ െഎ എ 2015 ല്‍ പുറത്തുവിട്ട കണക്ക്. അതായത് രാജ്യത്തുള്ള നോട്ടുകളുടെ 0.028 ശതമാനം മാത്രമാണിത്. നോട്ട് നിരോധനത്തിന് ശേഷം ബാങ്കുകളില്‍ തിരികെയെത്തിയ ആയിരത്തിന്‍റെ നോട്ടുകളില്‍ കള്ളനോട്ടുകള്‍ ഉള്ളത് 0.0007 ശതമാനമാണ്. അഞ്ഞൂറിന്‍റെ നോട്ടുകളില്‍ 0.002 ശതമാനം. അതായത് 41 കോടി രൂപയുടെ കള്ളനോട്ടുകളാണ് തിരികെയെത്തിയത്. ഇതിനുവേണ്ടിയായിരുന്നോ ഈ സാഹസം. 

എന്തായിരുന്നു സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍കൊണ്ട് ലക്ഷ്യമിട്ടത്. അസാധുവാക്കിയ നോട്ടുകള്‍ തിരികെ എത്തിയാല്‍ നിരോധനം പരാജയമല്ലേ. ഇത് എലിയെ പേടിച്ച് ഇല്ലം ചുടലാണിത്. അതെ, എലിയെപ്പേടിച്ച് ഇല്ലം ചുട്ടു. 

കണക്കുകള്‍ ഇങ്ങിനെയൊക്കെയാണ്. നോട്ട് അസാധുവാക്കല്‍കൊണ്ട് അപ്പോള്‍ എന്ത് നേട്ടമുണ്ടായി? രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ 18 മാസംമാത്രം ബാക്കി നില്‍ക്കെ നോട്ട് അസാധുവാക്കല്‍ രാഷ്ട്രീയ ഭൂപടത്തില്‍ എന്ത് ചലനങ്ങളുണ്ടാക്കും. നോട്ട് അസാധുവാക്കല്‍ സമ്പദ് വ്യവസ്ഥയിലുണ്ടാക്കാവുന്ന പരുക്കുകള്‍ മുന്‍കൂട്ടി കണ്ട് സര്‍ക്കാരിന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയ ഒരാളുണ്ടായിരുന്നു. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. വിമര്‍ശനങ്ങള്‍ക്ക് പരിഹാസമായിരുന്നു മോദിയുടെ മറുപടി.

ടുജി സ്പെക്ട്രം കല്‍ക്കരിപ്പാടം തുടങ്ങി ഭീമന്‍ അഴിമതികളുടെ വിഴുപ്പുഭാണ്ഡവുമായി അധികാരത്തില്‍ നിന്ന് പടിയിറങ്ങിയ മന്‍മോഹന്‍ സിങിനെ പല്ലപ്പോഴും കൈയ്യടികളോടെ ചെറുതല്ലാത്തൊരുവിഭാഗം സ്വീകരിച്ചു. മന്‍മോഹന്‍ സിങെന്ന ഭരണാധികാരിയുടെ വീഴ്ച്ചകള്‍ ൡ ആവര്‍ത്തിച്ച് പറഞ്ഞപ്പോഴും മന്‍മോഹന്‍സിങെന്ന സാമ്പത്തികവിദഗ്ധനെ കേള്‍ക്കാതെപോകാന്‍ കഴിഞ്ഞില്ല. നോട്ട് അസാധുവാക്കല്‍ ലക്ഷ്യങ്ങള്‍ കണ്ടുവെന്ന് തന്നെയാണ് ഒരുവര്‍ഷത്തിനിപ്പുറം സര്‍ക്കാര്‍ ആണയിടുന്നത്. 

കേന്ദ്രമന്ത്രി  ജയന്ത് സിന്‍ഹയടക്കം 714 ഇന്ത്യക്കാര്‍ നികുതി വെട്ടിച്ച് വിദേശനിക്ഷപം നടത്തിയതിന്‍റെ രേഖകളാണ് നോട്ട് നിരോധനത്തിന്‍റെ വാര്‍ഷകത്തില്‍ ദേശീയരാഷ്ട്രീയ ചര്‍ച്ചകളെ ചൂടുപിടിപ്പക്കുന്നത്. പാര്‍ട്ടി ഭേദമില്ലാതെ നേതാക്കള്‍ പാരഡൈസ് രേഖളില്‍. കള്ളപ്പണത്തിനെതിരെ കുരിശ് യുദ്ധം പ്രഖ്യാപിച്ച മോദിയുടെ സഹപ്രവര്‍ത്തകന്‍ തന്നെ പ്രതിസ്ഥാനത്ത്. വമ്പന്‍സ്രാവുകളെല്ലാം സുരക്ഷിതര്‍.

നോട്ട് നിരോധനം ഉള്‍പ്പെടെ മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയവര്‍ ബിജെപി ക്യാംപില്‍ നിന്നുതന്നെയുണ്ടായിരുന്നു. സുബ്രഹ്മണ്യന്‍ സ്വാമിയും, അരുണ്‍ ഷൂരിയും, യശ്വന്ത് സിന്‍ഹയും, ശത്രഘ്നന്‍സിന്‍ഹയുമെല്ലാം അടങ്ങുന്ന അതൃപ്തരുടെ നിര. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തോടെ മോദി അമിത് ഷാ കൂട്ടുകെട്ട് ബിജെപിയെ പൂര്‍ണമായും കൈപ്പിടിയിലൊതുക്കി. എന്നാല്‍ മോദിയുടെയും അമിത് ഷായുടെയും അപ്രമാദിത്വത്തിന്  ഉലച്ചിലുകളുണ്ടാക്കിയെന്നതാണ് നോട്ട് അസാധുവാക്കലിന്‍റെ രാഷ്ട്രീയപാഠം. മോദി ചോദ്യം ചെയ്യലുകള്‍ക്ക് അതീതനാണെന്ന നിലമാറി. 

ഗുജറാത്തിലെയും ഹിമാചല്‍പ്രദേശിലെയും ജനവിധി അതുകൊണ്ടുതന്നെ മോദിക്കും ബിജെപിക്കും അഗ്നിപരീക്ഷയാകും. തിരഞ്ഞെടുപ്പ് വേദികളില്‍ നോട്ട് അസാധുവാക്കലിന്‍റെ രാഷ്ട്രീയം തന്നെയാണ് കത്തിനില്‍ക്കുന്നത്. തൊട്ടുപിന്നാലെ ഒരുപിടി സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍.അതിനുമപ്പുറം 2019 ലെ വലിയ പരീക്ഷ. നോട്ട് അസാധുവാക്കിലിന്‍റെ രാഷ്്ട്രീയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞെല്ലെന്ന യഥാര്‍ഥ്യം നിലനില്‍ക്കുന്നു. 

പ്രവചനങ്ങള്‍ക്ക് പിടിതരാത്തതാണ് ഇന്ത്യന്‍ ജനാധിപത്യം. ഏതായാലും സമീപകാല ഇന്ത്യന്‍ സാമ്പത്തിക, രാഷ്ട്രീയവ്യവസ്ഥയെ ഇങ്ങിനെ വിഭജിക്കാം. നോട്ട് അസാധുവാക്കലിന് മുന്‍പും ശേഷം.

MORE IN BUSINESS
SHOW MORE