പടിയിറങ്ങിയപ്പോൾ വനിലയ്ക്കു പൊന്നിനേക്കാൾ വില. സംസ്കരിച്ച വനിലയ്ക്ക് ഇൗയാഴ്ച്ച കിലോഗ്രാമിന് മുപ്പതിനായിരം കടന്നതോടെ അപ്രത്യക്ഷമായ വനില കൃഷി തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ചില കർഷകരെങ്കിലും. പക്ഷേ മാറിയ കാലാവസ്ഥയും പല വിധ രോഗങ്ങളും മൂലം വനില വള്ളികൾക്ക് വേരുപിടിപ്പിക്കാൻ കഴിയുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ദീർഘനാളത്തെ വിലക്കുറവും അവഗണനയും മൂലം വനില കൃഷി ചെയ്ത ഭൂരിഭാഗം കർഷകരും മറ്റു കൃഷികളിലേക്കു ചുവട് മാറ്റിയിരുന്നു.
ദിവസങ്ങൾ നീണ്ട പ്രക്രിയയിലൂടെയാണു വനില സംസ്കരിച്ചെടുക്കുന്നത്. അഞ്ചു വർഷം മുൻപു കിലോഗ്രാമിന് അഞ്ഞൂറ് രൂപ വരെ വിലയായതോടെ വനില കൃഷി ചെയ്തിരുന്നവരെല്ലാം കൃഷി ഉപേക്ഷിച്ചു. പതിനഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് വീണ്ടും വനിലയ്ക്കു കൈവന്നിരിക്കുന്നത്. വനില ഉൽപാദനത്തിൽ മുന്നിൽ നിന്നിരുന്ന മഡഗാസ്കറിൽ കൊടുങ്കാറ്റും കൃഷിനാശവുമുണ്ടായതാണ് ഇത്തവണ വില വാനോളമുയരാൻ കാരണമായത്. വരും വർഷങ്ങളിൽ കാലാവസ്ഥ തുണച്ചാൽ നാലു വർഷത്തിനകം മഡഗാസ്കർ വിപണി തിരിച്ചു പിടിക്കുമെന്നാണു വനില കയറ്റുമതി രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നത്. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ വില അധികനാൾ നിലനിൽക്കാൻ സാധ്യതയില്ല.