സംസ്ഥാനത്തെ ഏറ്റവും വലിയ തുകയ്ക്കുള്ള വസ്തു ലേലം കൊണ്ട് വന്‍കിട ബിസിനസ് ഗ്രൂപ്പുകളായ ലുലുവും പുറവങ്കരയും. കൊച്ചി മറൈന്‍ ഡ്രൈവിലെ പതിനാറരയേക്കറിലധികംവരുന്ന ഭൂമി മുന്നൂറ്റിയെട്ട് കോടിരൂപയ്ക്കാണ് ഇരുഗ്രൂപ്പുകളും സ്വന്തമാക്കിയത്. വില്പന റിയൽ എസ്റ്റേറ്റ് രംഗത്തിന് കരുത്ത് പകരുമെന്നാണ് ഈ മേഖലയിലുള്ളവരുടെ വിലയിരുത്തല്‍.
മറൈന്‍ ഡ്രൈവിനും ഗോശ്രീപാലത്തിനുമടുത്തായുള്ള 16.63ഏക്കര്‍ ഭൂമി. ദെവാ പ്രൊജക്ട്സിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയാണ് വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ലേലത്തിന് വച്ചത്. യൂണിയന് ബാങ്ക് നടത്തിയ ലേലത്തില്‍ 4.87 ഏക്കര്‍ ലുലു ഗ്രൂപ്പും ബാക്കി സ്ഥലം പുറവങ്കര പ്രോജക്ട്്സും സ്വന്തമാക്കി. അഞ്ഞൂറ് കോടിയായിരുന്നു അടിസ്ഥാനവിലയായി പറഞ്ഞിരുന്നതെങ്കിലും സ്ഥലം വിറ്റുപോയത് മുന്നൂറ്റിയെട്ട് കോടിരൂപയ്ക്ക്.
യു.എ.ഇ എക്്സ്ചേഞ്ച് ഉടമ ബി.ആര്.ഷെട്ടി ഉള്‍പ്പടെയുള്ളവര്‍ നൂറുകോടിയിലധികംരൂപ ലേലതുക പ്രഖ്യാപിച്ച ഭൂമിയാണ് ലുലുഗ്രൂപ്പും പുറവങ്കരയും വലിയ തുകയ്ക്ക് സ്വന്തമാക്കിയത്. നേരത്തെ നാലുതവണ ഇതേ ഭൂമി വില്പനയ്ക്ക് വച്ചിരുന്നു. പത്തിലധികം ബാങ്കുകളിലെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് ദെവ പ്രോജക്ട്സിനെതിരെ ബാങ്ക് കണ്‍സോര്‍ഷ്യം കടുത്ത നിലപാടെടുത്തത്.