ഇക്കാലത്ത് യു ട്യൂബ് കാണാതെ ഒരാളുടെ ദിവസം പൂർണമാകില്ല. വിഡിയോകളുടെ അക്ഷയഖനിയായ യൂ ട്യൂബ് പുതുതലമുറക്കാറുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇഷ്ടപ്പെട്ട ഏതു വിഡിയോയും വിരൽത്തുമ്പിൽ നൽകുന്ന യൂ ട്യൂബിൽ കഴിഞ്ഞ ദിവസം ചില മാറ്റങ്ങൾ വന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും.
ലോഗോയിൽ തന്നെയാണ് ആദ്യം കൈവച്ചിരിക്കുന്നത്. യൂട്യൂബിന്റെ പ്ളേ ബട്ടൺ അക്ഷരങ്ങൾക്ക് മുൻപ് വരത്തക്ക വിധത്തിലാണ് ലോഗോ രൂപകൽപന ചെയ്തിരിക്കുന്നത്. മൊബൈൽ ആപ്പുകളിൽ നാവിഗേഷൻ ടാബ് കുറച്ചു കൂടി എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കത്തക്ക വിധം മാറ്റങ്ങൾ വരുത്തി. നാവിഗേഷൻ ടാബ് സ്ക്രീനു താഴേക്കു മാറ്റി. പുതിയ ലൈബ്രറിയും അക്കൗണ്ട്സ് ടാബുകളും നിലവിൽ വന്നു. കൂടാതെ വിഡിയോകൾ പ്ളേ ചെയ്യുന്ന വേഗത കുറയ്ക്കാനും വർധിപ്പിക്കാനും സാധിക്കും.
പ്രീവിയസ്, നെക്സ്റ്റ് വിഡിയോകൾ കാണാൻ ഇനി സ്ക്രീനിൽ യഥാക്രമം ഇടത്തോട്ടും വലത്തോട്ടും സ്വൈപ്പ് ചെയ്താൻ മതിയാകും. ഈ സൗകര്യം വരും ദിവസങ്ങളിലേ ലഭ്യമാകൂ. മാത്രമല്ല വിഡിയോ ഫോർമാറ്റിനനുസരിച്ച് വെർട്ടിക്കൽ, ലാൻഡ്സ്കേപ്പ്, സ്ക്വയർ രൂപങ്ങളിലേക്ക് തനിയെ മാറുന്നതും പുതിയ സംവിധാനമാണ്. നിർദേശങ്ങളായി വരുന്ന വിഡിയോകളുടെ പട്ടിക കാണാൻ പുതിയ ഫീച്ചറും ഉണ്ട്