ചരക്കുസേവന നികുതി ശനിയാഴ്ച പ്രാബല്യത്തില്‍ വരുന്നതോടെ നോണ്‍ എ.സി റസ്റ്ററന്റുകളിലെ ഭക്ഷണത്തിന് വിലകുറയും. എ.സി റസ്റ്ററന്റുകളില്‍ ഭക്ഷണത്തിന്റെ വിലയ്ക്ക് കാര്യമായ മാറ്റമുണ്ടാകാനിടയില്ല. എന്നാല്‍ ഒരു റസ്റ്ററന്റില്‍ തന്നെയുള്ള എ.സി, നോണ്‍ എ.സി സൗകര്യങ്ങളില്‍ ഏത് ഉപയോഗിച്ചാലും എ.സി സൗകര്യത്തിന്റെ നികുതി നല്‍കേണ്ടിവരും.
അന്‍പത് ലക്ഷത്തില്‍താഴെ വിറ്റുവരവുള്ള റസ്റ്ററന്റുകള്‍ക്ക് ജിഎസ്ടി പ്രകാരം അഞ്ച് ശതമാനമാണ് നികുതി. അന്‍പത് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളതും എ.സി സൗകര്യമില്ലാത്തതുമായ റസ്റ്ററന്റുകളില്‍ പന്ത്രണ്ട് ശതമാനം നികുതി ഈടാക്കും. നിലവില്‍ ഇത്തരം റസ്റ്ററന്റുകളില്‍ വാറ്റ്, കൃഷി കല്യാണ്‍ സെസ്, സ്വച്ഛ്ഭാരത് സെസ് എന്നിങ്ങിനെ വിവിധ നികുതികള്‍ ചേരുന്പോള്‍ പന്ത്രണ്ട് ശതമാനത്തിലധികം ഈടാക്കുന്നുണ്ട്. എല്ലാ നികുതികളും ജിഎസ്ടിയെന്ന ഒറ്റനികുതിയില്‍ ലയിക്കുന്പോള്‍ നികുതി നിരക്കില്‍ കുറവുണ്ടാകും. ഫലത്തില്‍ ചെറുകിട ഭക്ഷണശാലകളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് ഗുണകരമാകും. എ.സി റസ്റ്ററന്റുകളില്‍ പതിനെട്ട് ശതമാനമാണ് ജിഎസ്ടി. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഈടാക്കുക ഏറ്റവും ഉയര്‍ന്ന നികുതി നിരക്കായ ഇരുപത്തിയെട്ട് ശതമാനമാണ്. എന്നാല്‍ എ.സി റസ്റ്ററന്റിലെയും പഞ്ചനക്ഷത്രഹോട്ടലിലെയും റൂഫ്ടോപ്പ് ഉള്‍പ്പെടെ എ.സിയില്ലാത്ത ഇടങ്ങളില്‍ ഭക്ഷണം കഴിക്കുകയാണെങ്കിലും നികുതി നിരക്കില്‍ കുറവുണ്ടാകില്ല. ചരിത്രപരമായ നികുതി പരിഷ്ക്കരണം യാഥാര്‍ഥ്യമാകാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ, നികുതി നിരക്കുകള്‍ ഈടാക്കുന്നതില്‍ റസ്റ്ററന്റ് ഉടമകള്‍ക്ക് ഇനിയും പൂര്‍ണമായ വ്യക്തതവന്നിട്ടില്ല.