ജി.എസ്.ടി വരുമ്പോൾ വിലകുറയണമെങ്കിൽ കമ്പനികൾ കനിയണമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. കേരളം ശക്തമായി എതിർത്തിട്ടും ഹോട്ടൽ ഭക്ഷണത്തിന്റെ നികുതിനിരക്ക് കൂട്ടിയത് തടയാനായില്ല. ജി.എസ്.ടി നിരക്കിനെതിരെ ലോട്ടറി മാഫിയ കോടതിയെ സമീപിച്ചാൽ എല്ലാ ലോട്ടറികൾക്കും 28 ശതമാനം നികുതിയെന്ന ആവശ്യം സംസ്ഥാനം മുന്നോട്ടുവയ്ക്കുമെന്നും തോമസ് ഐസക് മനോരമ ന്യൂസിനോട് പറഞ്ഞു. ജി.എസ്.ടി വരുമ്പോൾ ജനത്തിന് നികുതിഭാരം കൂടില്ലെങ്കിലും വിലകുറയാൻ സാധ്യതയില്ലെന്നാണ് തോമസ് ഐസകിന്റെ വിലയിരുത്തൽ.
കശുവണ്ടി, കയർ എന്നിവയുടെ നികുതി താഴ്ത്തിയതും ലോട്ടറിയുടേത് ഉയർത്തിയതും ജി.എസ്.ടി കൗൺസിലിൽ സംസ്ഥാനം നടത്തിയ പോരാട്ടത്തിന്റെ ഫലമാണ്. എന്നാൽ സംസ്ഥാനം കടുംപിടുത്തം പിടിച്ചിട്ടും പ്ലൈവുഡ്, ആയുർവേദമരുന്ന് മേഖലയിൽ നികുതി കുറയ്ക്കാനായില്ല. 20 ലക്ഷത്തിനുമേൽ വിറ്റുവരവുള്ള ഹോട്ടലുകളുടെ നികുതി അരശതമാനത്തിൽ നിന്ന് അഞ്ചാക്കി ഉയർത്തിയതും വിലക്കയറ്റത്തിനിടയാക്കും. ലോട്ടറി നികുതിനിരക്ക് ഉയർത്തിയതോടെ ഈയിനത്തിൽ ഇക്കൊല്ലം 3000 കോടിരൂപ വരുമാനം പ്രതീക്ഷിക്കുന്നു. സംസ്ഥാനഭാഗ്യക്കുറിക്ക് 12ഉം ഇതരസംസ്ഥാന ഭാഗ്യക്കുറിക്ക് 28ശതമാനവുമാണ് നികുതി. ഇത് നിയമയുദ്ധത്തിന് ഇടയാക്കാൻ സാധ്യതയുണ്ട്.