ടെലികോം രംഗത്ത് വൻ വിപ്ലവത്തിനു തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ മറ്റൊരു ദൗത്യം കൂടി ഏറ്റെടുത്ത് വിപണി പിടിച്ചടക്കാൻ രംഗത്തെത്തി കഴിഞ്ഞു, അതിവേഗ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം. നിലവില്‍ മുംബൈയിലും പൂനെയിലുമുള്ള ഫൈബര്‍ ബ്രോഡ്ബാന്‍ഡ് മറ്റ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. 500 രൂപ മുതല്‍ 5500 രൂപ വരെയുള്ള പ്രതിമാസ പദ്ധതികളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.
ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡില്‍ ആദ്യത്തെ 90 ദിവസം വെല്‍ക്കം ഓഫറായിരിക്കും. ഈ സമയത്ത് സൗജന്യമായി ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാനാകും. ജിയോ 4ജിയുടെ കൊമേഴ്‌സ്യല്‍ ലോഞ്ച് മാര്‍ച്ച് 31ലേക്ക് നീട്ടിയതിനാലാണ് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് വരാന്‍ അല്‍പം വൈകിയത്.
അടുത്ത മാസം ആദ്യത്തില്‍ തന്നെ ജിയോ ബ്രോഡ് ബാന്‍ഡും ഉപഭോക്താക്കളിലേക്കെത്തുമെന്നാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ നല്‍കുന്ന ഉറപ്പ്. മൂന്ന് വിഭാഗത്തിലുള്ള പദ്ധതികളാണ് ജിയോ ബ്രോഡ്ബാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ വിഭാഗത്തില്‍ വേഗതയെ അടിസ്ഥാനമാക്കിയുള്ള പ്ലാനുകളാണുള്ളത്. 50 എംബിബിഎസ് മുതല്‍ 600 എംബിബിഎസ് വരെയായിരിക്കും വ്യത്യസ്ഥ പ്ലാനുകളിലെ വേഗത. ഡേറ്റ ഉപയോഗം അടിസ്ഥാനപ്പെടുത്തിയ പ്ലാനുകള്‍ പ്രതിദിനം അഞ്ച് ജിബി മുതല്‍ 60 ജിബി വരെയുണ്ട്. ഇതിന് പുറമേയാണ് ജിയോ ബ്രോഡ്ബാന്‍ഡിന്റെ സ്‌പെഷ്യല്‍ ഓഫറുകള്‍.
എന്നാൽ ബ്രോഡ്ബാൻഡ് നിരക്കുകളെ കുറിച്ച് റിലയൻസ് ജിയോ ഔദ്യോഗിക കുറിപ്പ് പുറത്തുവിട്ടിട്ടില്ല. ദേശീയ മാധ്യമങ്ങളാണ് ജിയോ ബ്രോഡ്ബാൻഡ് നിരക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. പുറത്തുവന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ 500 രൂപ പാക്കിൽ 15 Mbps വേഗതയിൽ 30 ദിവസത്തേക്ക് 600 ജിബി ഡേറ്റ ഉപയോഗിക്കാൻ കഴിയും. 800 രൂപ പാക്കിൽ 30 ദിവസത്തേക്ക് അൺലിമിറ്റഡ് ഡേറ്റയും ഓഫർ ചെയ്യുന്നുണ്ട്.
പരിധിയില്ലാ വേഗതയുള്ള വിഭാഗത്തിൽ 1000 രൂപയ്ക്ക് ദിവസം 5 ജിബി മുപ്പത് ദിവസത്തേക്ക് ഉപയോഗിക്കാം. റൗട്ടറിനും ഇൻസ്റ്റലേഷനും പണം നൽകേണ്ടിവരും. 4,500 രൂപയോളമാണിത്. നിലവിൽ മറ്റു ചില നഗരങ്ങളിലും ജിയോ ബ്രോഡ്ബാൻഡ് സർവീസിന്റെ ടെസ്റ്റിങ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.