പത്തനാപുരത്തേക്ക് പണം കൊടുത്തിട്ടുണ്ട്; കണക്കുമുണ്ട്; ഗണേഷിനു മുഖ്യമന്ത്രിയുടെ മറുപടി

ganesh-pinarayi
SHARE

ഇടതുമുന്നണിയിൽ കൂടിയാലോചനയില്ലെന്ന കെ.ബി.ഗണേഷ് കുമാറിന്റെ വിമർശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഗണേഷിനെ വിമർശിച്ച മുഖ്യമന്ത്രി, വാർത്ത സൃഷ്ടിക്കുന്ന രീതിയിൽ അല്ല കാര്യങ്ങൾ പറയേണ്ടതെന്ന് എൽ.ഡി.എഫ് നിയമസഭാകക്ഷി യോഗത്തിൽ തുറന്നടിച്ചു. പത്തനാപുരത്ത് നടപ്പാക്കിയ വികസന പദ്ധതികളും മുഖ്യമന്ത്രി വായിച്ചു.  

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പോലും പണം അനുവദിക്കാത്തതിലുള്ള അതൃപ്തി അറിയിച്ചുകൊണ്ടാണ് ഗണേഷ് കുമാർ കഴിഞ്ഞാഴ്ച ചേർന്ന എൽ.ഡി.എഫ് നിയമസഭാകക്ഷി യോഗത്തിൽ മുന്നണിയെ രൂക്ഷമായി വിമർശിച്ചത്. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ ഗണേഷിന്റെ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി അക്കമിട്ട് മറുപടി നൽകി. നയപരമായ എല്ലാ കാര്യങ്ങളും എൽ.ഡി.എഫിൽ ചർച്ച ചെയ്യാറുണ്ട്. വാർത്ത വരുത്തുന്ന രീതിയിൽ അല്ല കാര്യങ്ങൾ അവതരിപ്പിക്കേണ്ടത്. 

പത്തനാപുരത്ത് വികസനമില്ലെന്ന് എങ്ങനെയാണ് വാർത്തവരുന്നത്. മണ്ഡലത്തിനായി സർക്കാർ പണം കൊടുത്തിട്ടുണ്ട്. അതിന്റെ കണക്കും സർക്കാരിന്റെ പക്കലുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, പത്തനാപുരത്തിനായി അനുവദിച്ച പദ്ധതികളും വായിച്ചു. അതേസമയം, യോഗത്തിൽ ഗണേഷ് പങ്കെടുത്തില്ല. മുന്നണിക്കെതിരെ ഗണേഷ് വിമർശനം ഉന്നയിച്ച യോഗത്തിൽ മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നില്ലെന്നതാണ് ശ്രദ്ധേയം. മുന്നണിയിലെ ധാരണ അനുസരിച്ച് നവംബറിൽ മന്ത്രിയാകേണ്ട ഗണേഷ്, മുന്നണിക്കെതിരെ സംസാരിച്ചതും അതിനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയതും കേരളാ കോൺഗ്രസ് (ബി) സി.പി.എം ബന്ധം കൂടുതൽ വഷളായെന്ന സൂചനകളാണ് നൽകുന്നത്. 

cm repley to Ganesh kumar

MORE IN BREAKING NEWS
SHOW MORE