കെ.കെ.മഹേശ്വരന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാന്‍ ഉത്തരവ്

vellappally-nateshan-02
SHARE

എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോ ഫിനാൻസ് കോർഡിനേറ്ററും ആയിരുന്ന കെ.കെ.മഹേശന്റെ മരണത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിചേർക്കാൻ കോടതി നിർദേശം. തുഷാർ വെള്ളാപ്പള്ളി, മാനേജർ കെ.എൽ.അശോകൻ എന്നിവരും പ്രതിചേർക്കപ്പെടും. മൂന്നുപേർക്കുമെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്ന കുടുബത്തിന്റെ ഹർജിയിലാണ് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്.  

2020 ജൂണ്‍ 13 നാണ് എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോ ഫിനാൻസ് കോർഡിനേറ്ററുമായായ കെ കെ മഹേശനെ യൂണിയൻ ഓഫീസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കമുള്ളവരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് കാരണമെന്ന് സൂചിപ്പിക്കുന്ന 32 പേജുള്ള ആത്ഹമത്യാക്കുറിപ്പും കണ്ടെത്തി.

എന്നാല്‍ അസ്വഭാവിക മരണത്തിനു മാത്രമാണ് മാരാരിക്കളം പൊലീസ് കേസെടുത്തത്. ഇതിനെതിരെ മഹേശന്‍റെ ഭാര്യ ഉഷാദേവി ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. വെള്ളാപ്പള്ളി, മകന്‍ തുഷാർ വെള്ളാപ്പള്ളി, ഇവരുടെ മാനേജര്‍ കെ എൽ അശോകൻ എന്നിവരുടെ മാനസിക പീഡനവും, കള്ളക്കേസുകളിൽ കുടുക്കിയതും മൂലമാണ് മഹേശൻ ആത്മഹത്യ ചെയ്തത് എന്നായിരുന്നു ഭാര്യയുടെ പരാതി. ആത്മഹത്യക്കുറിപ്പ് അടിസ്ഥാനമാക്കി വെള്ളാപ്പള്ളി അടക്കമുള്ളവർക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തണം എന്നായിരുന്നു ആവശ്യം. സ്വകാര്യ അന്യായമായി പരിഗണിച്ച് നേരിട്ട് തെളിവെടുക്കാൻ ആദ്യം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. 

ഇതിനെതിരെ ഉഷ ഹൈക്കോടതിയെ സമീപിച്ചു. ക്രിമിനൽ നടപടിച്ചട്ടം 154 പ്രകാരം പോലീസ് അന്വേഷിക്കേണ്ട കേസാണിതെന്നും മജിസ്‌ട്രേട്ട് കോടതി വീണ്ടും വാദം കേട്ട് തീരുമാനിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. തുടര്‍ന്നാണ് ആലപ്പുഴ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ആത്ഹമത്യാപ്രേരണക്കും ഗൂഡാലോചനയ്ക്കും കേസെടുക്കാന്‍ ഉത്തരവിട്ടത്. ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്. 

KK Maheswaran's death: Order to make Vellapalli Natesan an accused

MORE IN BREAKING NEWS
SHOW MORE