വിഴിഞ്ഞത്തെ സംഘർഷം; കലാപാഹ്വാനം; ഗൂഢാലോചന; ഇരുകൂട്ടർക്കുമെതിരെ കേസ്

vizhinjamstone-27
SHARE

വിഴിഞ്ഞത്ത് ശനിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരായി പത്ത് കേസുകളെടുത്ത് പൊലീസ്. പദ്ധതി മുടങ്ങിയതിലുളള നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കണമെന്ന തുറമുഖ കമ്പനിയുടെ ആവശ്യത്തെ സര്‍ക്കാര്‍  കോടതിയില്‍ പിന്തുണയ്ക്കും. വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാര്‍ ഒത്താശയോടെയാണെന്ന് ലത്തീന്‍ അതിരൂപത ആരോപിച്ചു. സമരം ശക്തമായി തുടരാന്‍ ആഹ്വാനം ചെയ്യുന്ന സര്‍ക്കുലര്‍ പളളികളില്‍ വായിച്ചു. 

ലത്തീന്‍ അതിരൂപത നേതൃത്വം നല്കുന്ന  സമരസമിതിക്കെതിരെയാണ് ഒമ്പത് കേസുകള്‍. മോണ്‍. യൂജിന്‍   പെരേര ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി വധശ്രമം, കലാപാഹ്വാനം, ഗൂഡാലോചന തുടങ്ങിയ ജാമ്യമില്ലാക്കുറ്റങ്ങളാണ്  ചുമത്തിയിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്ന നാട്ടുകാരുടെ നേതൃത്വത്തിലെ ജനകീയ സമരസമിതിക്കെതിരെ ഒരു കേസാണ് എടുത്തിട്ടുള്ളത്. കൂടുതല്‍ പരാതികള്‍ ലഭിച്ചത് വൈദികരുടെ നേതൃത്വത്തിലെ സമരസമിതിക്കെതിരെയാണന്നും അതിനാലാണ് അവര്‍ക്കെതിരെ കൂടുതല്‍ കേസുകളെടുത്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം. വൈദികരുടെ നേതൃത്വത്തിെല സമരമായതിനാലാണ് അവരെ പ്രതിചേര്‍ത്തതെന്നും വിശദീകരിക്കുന്നു. സമരക്കാരെ അടിച്ചൊതുക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ലത്തീന്‍ അതിരൂപത കുറ്റപ്പെടുത്തി. 

സമരത്തെ ദുര്‍ബലപ്പെടുത്താനുളള നീക്കങ്ങളെ തിരിച്ചറിയാന്‍ ആഹ്വാനം ചെയ്യുന്ന സര്‍ക്കുലറിലൂടെ തുടര്‍ സമരത്തിന്റെ സമയക്രമവും പളളികളില്‍ അറിയിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെമ്പാടും പൊലീസിനെ കൂടുതലായി വിന്യസിച്ച് കനത്ത ജാഗ്രതയിലാണ്. 

വിഴിഞ്ഞം സംഘര്‍ഷഭൂമിയാകുമ്പോഴും സര്‍ക്കാര്‍ മൗനത്തിലാണ്. കോടതി തീരുമാനം വരട്ടയെന്നാണ് നിലപാട്. നാളെ കോടതി കേസ് പരിഗണിക്കുമ്പോള്‍  പദ്ധതി നിര്‍മാണം വൈകിയത് കാരണമുളള നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കണമെന്ന തുറമുഖകമ്പനി ആവശ്യത്തെ പിന്തുണയ്ക്കുന്ന നിര്‍ണായക നീക്കവും സര്‍ക്കാര്‍  നടത്തും 

Police registered case against vizhinjam port supporters and opposers

MORE IN BREAKING NEWS
SHOW MORE