‘സിസ തോമസിന്റെ പേര് നിര്‍ദേശിച്ചത് ആര്?’; ഗവര്‍ണറോട് കോടതി

hc-on-appointment-of-techni
SHARE

സാങ്കേതിക സർവകലാശാല വി.സി നിയമനത്തിൽ ഗവർണറോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഡോ.സിസ തോമസിനെ വി.സിയായി എങ്ങനെ തിരഞ്ഞെടുത്തു എന്ന് കോടതി ചോദിച്ചു. സംസ്ഥാനത്തെ രണ്ട് അധികാര കേന്ദ്രങ്ങൾ ഇങ്ങനെ പോരടിക്കുന്നത് ശരിയല്ലെന്നും കോടതി വിമർശിച്ചു. സാങ്കേതിക സർവകലാശാല താൽക്കാലിക വി.സി നിയമനവുമായി ബന്ധപ്പെട്ട് നിർണായക ചോദ്യങ്ങളാണ് ഗവർണർക്ക് നേരിടേണ്ടിവന്നത്. വി.സി സ്ഥാനത്തേക്ക് മറ്റ് സർവകലാശാലകളിലെ വി.സിമാർ ഇല്ലായിരുന്നോ, പ്രൊ.വി.സി ഉണ്ടായിരുന്നില്ലേ, സിസ തോമസിന്റെ പേര് ആര് നിർദേശിച്ചു എന്നിവയായിരുന്നു കോടതിയുടെ ചോദ്യങ്ങൾ. സർക്കാർ ശുപാർശ ചെയ്തവർ ചുമതല നൽകാൻ അയോഗ്യനായിരുന്നുവെന്ന് ഗവർണർ മറുപടി നൽകി. സുപ്രീം കോടതി വിധിയെ തുടർന്ന് ഡിജിറ്റൽ സർവകലാശാല വി.സിയുടെ നിയമനവും സംശയത്തിലായിരുന്നു. ഇക്കാരണം കൊണ്ടാണ് ഡിജിറ്റൽ സർവകലാശാല വി.സിയുടെ പേര് തള്ളിയതെന്നും ഗവർണർ വ്യക്തമാക്കി. ഇതുകൊണ്ടാണ് സ്വന്തം നിലക്ക് തീരുമാനം എടുത്തതെന്നും ഗവർണർ അറിയിച്ചു.

താൽക്കാലിക വി.സി നിയമനത്തിന് യു.ജി.സി ചട്ടങ്ങളോ പ്രത്യേക നടപടിക്രമങ്ങളോ ആവശ്യമില്ലെന്ന് സർക്കാർ അറിയിച്ചു. ഒരു ദിവസമാണ് വി.സി സ്ഥാനത്ത് ഇരിക്കുന്നത് എങ്കിൽ പോലും കൃത്യമായ യോഗ്യതയുള്ളയാളായിരിക്കണമെന്ന് കോടതി പറഞ്ഞു. വി.സി എന്നത് കൂടുതൽ ഉത്തരവാദിത്തമുള്ള ജോലിയായതിനാൽ  തിരഞ്ഞെടുക്കേണ്ടത് സൂഷ്മതയോടെയാകണമെന്ന് കോടതി വിലയിരുത്തി. സർവകലാശാലകളുടെ യശ്ശസ് കാത്തുസൂക്ഷിക്കണം. യശ്ശസ് നഷ്ടപെട്ടാൽ വിദ്യാർഥികൾ എത്താതെയാകും. വിദ്യാർഥികളെക്കുറിച്ചാണ് തന്റെ ആശങ്കയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഇപ്പോഴും ഒരു വിഭാഗം വിദ്യാർഥികളും ജീവനക്കാരും തനിക്ക് നേരെ പ്രതിഷേധമുയർത്തുന്നുവെന്ന് സിസ തോമസ് അറിയിച്ചു. ദൈനംദിന ചുമതലകൾ നിർവ്വഹിക്കുന്നതിലും തടസമുണ്ടാകുന്നുണ്ട്. സർട്ടിഫിക്കറ്റിനായി 4000ത്തിലധികം അപേക്ഷകൾ കെട്ടിക്കിടക്കുന്നതായും സിസ തോമസ് അറിയിച്ചു. സിസ തോമസിന്റെ യോഗ്യതയല്ല, മറിച്ച് സീനിയോറിറ്റിയാണ് പരിശോധിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

High Court with questions on appointment of Technical University VC

MORE IN BREAKING NEWS
SHOW MORE