മുന്നണി ഭേദമെന്യേ ആർക്കൊപ്പവും ചേരുന്ന പോപ്പുലർഫ്രണ്ട്; നിരോധന ഭീഷണിയിൽ എസ്ഡിപിഐ?

pfisdpi-28
SHARE

പോപ്പുലര്‍ ഫ്രണ്ടിനെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്യമായി എതിര്‍ക്കുമ്പോഴും സംസ്ഥാനത്തെ പല തദ്ദേശസ്ഥാപനങ്ങളിലും രഹസ്യബന്ധം തുടരുകയാണ്. പോപ്പുലര്‍ ഫ്രണ്ട് നിരോധനം അവരുടെ രാഷ്ട്രീയമുഖമായ എസ്ഡിപിഐക്കും ബാധകമായാല്‍ പല ഭരണസമിതികളുടെയും മുന്നോട്ടുള്ള പോക്ക് തുലാസിലാകും. രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ എസ്ഡിപിഐയുടെ നിരോധനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരിഗണനയില്‍ വരുന്ന വിഷയമാണ്.

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും എസ്ഡിപിഐയുടെ സാന്നിധ്യമുണ്ട്. പലസ്ഥലത്തും ഭരണത്തില്‍ നിര്‍ണായകശക്തിയായി ഇവര്‍ തുടരുകയും ചെയ്യുന്നു. പത്തനംതിട്ട നഗരസഭയിലും കോട്ടാങ്ങല്‍ പഞ്ചായത്തിലും എസ്ഡിപിഐ പിന്തുണയിലാണ് സിപിഎമ്മിന്‍റെ ഭരണം. ഈരാറ്റുപേട്ടയില്‍ യുഡിഎഫ് ഭരണമവസാനിപ്പിക്കാന്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നെങ്കിലും വിവാദമായതോടെ സിപിഎം പിന്‍മാറി. കാസര്‍ഗോഡ് കുമ്പള പഞ്ചായത്തിലും, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന്‍റെ ഭരണം എസ്ഡിപിഐക്കൊപ്പമാണ്.  മുന്നണി ഭേദമെന്യേ ആര്‍ക്കൊപ്പവും നില്‍ക്കാവുന്ന തരത്തില്‍ മെയ്‌വഴക്കം സിദ്ധിച്ചവരാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍. അതുതന്നെയാണ് ഇക്കാലമത്രയും പോപ്പുലര്‍ ഫ്രണ്ടിന്‍റെ വളര്‍ച്ചയെ സഹായിച്ചതും.

എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം വന്നതോടെ എസ്ഡിപിഐ പ്രവര്‍ത്തകരും, നേതാക്കന്‍മാരും നീരീക്ഷണത്തിലാവും. ഇവര്‍ ഏതെങ്കിലും തരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയാല്‍ നടപടിയും അറസ്റ്റുമുണ്ടാകും. അത് പല തദ്ദേശസ്ഥാപനങ്ങളിലും ഭരണപ്രതിസന്ധിക്ക് വഴിവെക്കും.  രജിസ്ട്രേഡ് രാഷ്ട്രീയ പാര്‍ട്ടിയായതിനാല്‍ എസ്ഡിപിഐക്കെതിരെ നടപടിയെടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ്  കമ്മീഷനാണ്. തിരിഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാര്‍ശയില്‍ നിയമമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ മാത്രമേ എസ്ഡിപിഐയെ നിരോധിക്കാനാവൂ.

MORE IN BREAKING NEWS
SHOW MORE