ഗെലോട്ടെങ്കിൽ പത്രിക നൽകുമെന്ന് സച്ചിന്റെ ഭീഷണി; പകരക്കാരനെ തേടി പാർട്ടി

ghelot-sachin-pilot-2
SHARE

അശോക് ഗെലോട്ടിന് പകരം അധ്യക്ഷ സ്ഥാനാർഥിയെ തീരുമാനിക്കാൻ തിരക്കിട്ട ചർച്ചകളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. രണ്ട് സെറ്റ് നാമനിർദേശ പത്രിക പവൻ കുമാർ ബെൻസൽ കൈപ്പറ്റിയിട്ടുണ്ടെങ്കിലും ആർക്ക് വേണ്ടിയെന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി. രാജസ്ഥാനിലെ എംഎൽഎമാരുടെ നാടകീയ നീക്കങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നിരീക്ഷകർ ഉടൻ അധ്യക്ഷ സോണിയ ഗാന്ധിക്ക് സമർപ്പിക്കും.

രാജസ്ഥാനിൽ എം എൽ എ മാരെ വച്ച് പാർട്ടിയെ  പ്രതിസന്ധിയിലാക്കിയ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അധ്യക്ഷ സ്ഥാനാർഥിയാക്കി മുന്നോട്ട് പോയാൽ എതിരായി നാമനിർദേശ പത്രിക നൽകുമെന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ ഭീഷണി. ഗെലോട്ട് ഹൈക്കമാൻഡിനെയും പാർട്ടിയെയും അപമാനിച്ചെന്നും  അധ്യക്ഷസ്ഥാനാർഥിയാക്കരുതെന്നു പ്രവർത്തക സമിതി അംഗങ്ങളും ശക്തമായി വാദിച്ചതോടെയാണ് ഹൈക്കമാൻഡ് മാറി ചിന്തിച്ചത്. രണ്ട് സെറ്റ് നാമനിർദേശ പത്രിക  കൈ പറ്റിയിട്ടുണ്ടെങ്കിലും താൻ മത്സരിക്കുന്നില്ലെന്നാണ് പവൻ കുമാർ ബെൻസൽ പറയുന്നത്. മത്സരത്തിന് ഇല്ലെന്ന് പരസ്യമായി പ്രതികരിച്ചെങ്കിലും കമൽനാഥും ദിഗ് വിജയ് സിങുമാണ്  പരിഗണിക്കുന്നവരിൽ മുന്നിൽ.

ഭാരത് ജോഡോ യാത്രക്ക് നേത്യത്വം നൽകുന്നതിനാൽ ദിഗ് വിജയ് സിങ്ങിനെ ഒഴിവാക്കിയേക്കും. പട്ടിക ജാതി വിഭാഗത്തിൽ നിന്നുളള നേതാക്കളെ പരിഗണിക്കുകയാണെങ്കിൽ മുകുൾ വാസ്നിക്കോ മല്ലികാർജുൻ ഖാർഗെയോ സുശീൽ കുമാർ ഷിൻഡെയോ വന്നേക്കും. അതേസമയം രാജസ്ഥാനിൽ അരങ്ങേറിയ സംഭവ വികാസങ്ങൾ ഗെലോട്ടിന്റെ അറിവോടെയാണെന്നും അച്ചടക്ക ലംഘനമാണെന്നുമാണ് എഐ സി സി നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും അജയമാക്കനും സോണിയ ഗാന്ധി അറിയിച്ചിട്ടുള്ളത്.

നിയമസഭ കക്ഷി യോഗത്തിന് സമാന്തരമായി എംഎൽഎമാരുടെ യോഗം വിളിച്ച മന്ത്രി ശാന്തി ധരിവാൾ ഇന്നലെ ഹൈക്കമാൻഡിനെയും നിരീക്ഷകരെയും സച്ചിനെയും വിമർശിച്ചിരുന്നു. അതിനാൽ ശാന്തി ധരിവാൾ അടക്കമുള്ളവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും.

MORE IN BREAKING NEWS
SHOW MORE