ഹര്‍ത്താല്‍ അക്രമം: 5.06 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി

ksrtc-high-court
SHARE

പോപ്പുലർ ഫ്രണ്ട്  ഹർത്താലിൽ ബസുകൾ തല്ലിത്തകർത്ത കേസിൽ 5.6 കോടി നഷ്ടപരിഹാരം തേടി കെഎസ്ആർടിസി ഹൈക്കോടതിയിൽ. ഹർത്താൽ ആഹ്വാനം നടത്തിയവരിൽ  നിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നാണ് ആവശ്യം. കെഎസ്ആർടിസിയിൽ ശമ്പളം വൈകിയപ്പോൾ സമരത്തിന് മുന്നിൽ നിന്നവരാണ് ബസ് തകർക്കാൻ മുന്നിൽ നിന്നതെന്നും കെഎസ്‌ആർടിസി ഹൈക്കോടതിയെ അറിയിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.

പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷിചേരാനുള്ള ഹർജിയിലാണ് ഹർത്താലിലെ  ഭീമമായ നഷ്ടക്കണക്ക് കെഎസ്‌ആർടിസി നിരത്തിയത്. 2499 ബസ്സുകളാണ് ഹർത്താൽ ദിനത്തിൽ സർവീസ് നടത്താൻ തയ്യാറാക്കിയത്. 9770 ജീവനക്കാരും ഹാജരായി. എന്നാൽ സംസ്ഥാന വ്യാപകമായി ബസ്സുകൾക്ക് നേരെ ആക്രമണമുണ്ടായതോടെ സർവീസുകൾ നിർത്തിവെക്കേണ്ടി വന്നു. ശരാശരി 6 കോടി രൂപ പ്രതിദിന വരുമാനം ഉണ്ടായിരുന്ന സ്ഥാനത്ത് 2.13 കോടി രൂപ മാത്രമാണ് ഹർത്താൽ ദിനത്തിൽ ലഭിച്ചത്. 58 ബസ്സുകൾ തകർക്കപ്പെട്ടു. 10 ജീവനക്കാർക്കും ഒരു യാത്രക്കാരനും പരുക്കേറ്റു. കെഎസ്ആർടിസിയുടെ പരാതിയിൽ 50 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഹർത്താലിൽ ആകെ നഷ്ടം അഞ്ച് കോടി ആറ് ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി മുന്നൂറ്റി എൺപത്തി രണ്ട് രൂപയാണ്. ചില്ലുകൾ തകർത്തതിൽ 9 ലക്ഷത്തിലേറെയും ഷെഡ്യൂളുകൾ മുടങ്ങിയതിൽ 3 കോടി 95 ലക്ഷത്തിലധികം രൂപയും നഷ്ടമായി. ഈ നഷ്ടം ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കി നൽകണമെന്നാണ് കെഎസ്‌ആർടിസിയുടെ ആവശ്യം. എൻഐഎ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ കെഎസ്ആർടിസിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. എന്നാൽ ബസ്സുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. കെഎസ്‌ആർടിസിയിൽ ശമ്പളം വൈകിയപ്പോൾ സമരത്തിന് മുന്നിൽ നിന്നവരാണ് ബസ്സ് തകർക്കാനും നഷ്ടമുണ്ടാക്കാനും നേതൃത്വം കൊടുത്തതെന്നും  ഹർജിയിലുണ്ട്.

നിലവിൽ സർക്കാർ സഹായത്തോടെ മുന്നോട്ട് പോകുന്ന കോർപ്പറേഷന് ഭീമമായ ഈ നഷ്ടം പരിഹരിക്കാൻ കഴിയില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. നഷ്ടത്തിന്റെയും, വരുമാനത്തിന്റെയും വിശദാംശങ്ങളും ഹർജിയിലുണ്ട്. തകർക്കപ്പെട്ട ബസുകളുടെ ചിത്രങ്ങളും കെഎസ്ആർടിസി കോടതിയിൽ സമർപ്പിച്ചു. ഹർജി ഹൈക്കോടതി ഈ മാസം 29 ന് പരിഗണിക്കും.

MORE IN BREAKING NEWS
SHOW MORE