ബോംബേറ്; കല്ലേറ്; ഹോട്ടലുകളും കടകളും അടിച്ചു തകര്‍ത്തു; വ്യാപക അക്രമം

hartal-violence
SHARE

സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ട് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. ബോംബേറും ഉണ്ടായി. കെഎസ്ആര്‍ടിസി ബസുകളും ലോറികളും സ്വകാര്യവാഹനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. കോഴിക്കോട്ടും തിരുവനന്തപുരത്തും നെടുമ്പാശേരിയിലുമായി ഹോട്ടലുകളും കടകളും അടിച്ചു തകര്‍ത്തു. യാത്രക്കാരെ അസഭ്യംപറയുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാരെ കൊല്ലത്ത് ബൈക്കിടിച്ച് വീഴ്ത്തി. കല്ലേറില്‍ രണ്ടു കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ കണ്ണിന് പരുക്കേറ്റു. കണ്ണൂരില്‍ കല്ലേറില്‍ 15കാരിക്ക് പരുക്കേറ്റു.  ഇൗരാറ്റുപേട്ടയിലും സംഘര്‍ഷമുണ്ടായി. ഇരുന്നൂറോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തരെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് കല്ലേറിനിടെ ഡ്രൈവര്‍മാര്‍ക്കുനേരെ ഇരുമ്പുകഷണം തുണിയില്‍ കെട്ടി എറിഞ്ഞ് പരുക്കേല്‍പിക്കാനും ശ്രമമുണ്ടായി

കോട്ടയത്ത്  ലോട്ടറിക്കട അടിച്ചുതകര്‍ത്തു. ചങ്ങനാശേരിയില്‍ ഡോക്ടര്‍ക്ക് കല്ലേറില്‍ പരുക്കേറ്റു. ഈരാറ്റുപേട്ടയില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ട് പള്ളിയില്‍ ലോറിക്കുനേരെ പെട്രോള്‍ ബോംബേറുണ്ടായി. ലോറിയുടെ ചില്ല് തകര്‍ന്നു. ഇരിട്ടിയില്‍ നിന്നും തലശേരി ഭാഗത്തേക്ക് വന്ന ലോറിക്കുനേരെയാണ് ആക്രമണമുണ്ടായത്. 

പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ച ഹർത്താൽ അനുകൂലികൾക്ക്  നാട്ടുകാരുടെ മർദനം. കച്ചവടക്കാരെ ഭീഷണിപ്പെടുത്തി കടകൾ അടപ്പിക്കാൻ ശ്രമിച്ച നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് നാട്ടുകാർ മർദിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ തൃക്കരിപ്പൂർ സ്വദേശി മുബഷീർ, ഒളവറ സ്വദേശി മുനീർ, രാമന്തളി സ്വദേശികളായ നർഷാദ്, ഷുഹൈബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു . 

ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾ നശിപ്പിക്കപ്പെട്ടുവെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കെ.എസ്.ആർ.ടി.സിയെ തൊട്ടുകളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലെറിയൽ ഉണ്ടാകുമെന്ന് കോടതി പറഞ്ഞു. ശരിയായ ചിന്തയുള്ളവർ ഇത്തരം അക്രമം നടത്തില്ല. നിയമലംഘനങ്ങൾ നടക്കുന്നത് ഭരണസംവിധാനത്തോട് ഭയമില്ലാത്തതുകൊണ്ടാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ നിയമവിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹർത്താൽ അഹ്വാനം ചെയ്തവർക്കെതിരെ കോടതി സ്വമേധയാ കേസ് എടുത്തു. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ  കേസ് എടുക്കാൻ  നിർദേശിച്ച കോടതി പൊതുഗതാഗതത്തിന് സുരക്ഷ ഒരുക്കാൻ പോലീസിന് ഇടക്കാല ഉത്തരവിൽ നിർദ്ദേശം നൽകി. 

MORE IN BREAKING NEWS
SHOW MORE