പത്രിക സമർപ്പണം നാളെ മുതൽ; ഗെലോട്ടി‌ന്റെ നീക്കങ്ങൾ നിർണായകം

gehlot-sachin-rahul-01
SHARE

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പണം നാളെ മുതൽ. മല്‍സരിക്കണമെങ്കില്‍ മുഖ്യമന്ത്രിപദം ഒഴിയണമെന്ന് നിര്‍ദേശം ലഭിച്ച അശോക് ഗെലോട്ടിന്റെ തുടർ നീക്കങ്ങൾ നിർണായകമാണ്. ഭൂരിപക്ഷം എംഎൽഎമാർ നിർദേശിക്കുന്ന പ്രകാരം മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്ന പാർട്ടി നയം പാലിക്കണമെന്ന് ഗെലോട്ട് ആവശ്യപ്പെടും. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകണമെന്നാണ് ഹൈക്കമാൻഡ് നിലപാട്.

അധ്യക്ഷ പദത്തിലിരിക്കുന്ന നേതാവിന് ഇരട്ടപദവി പാടില്ലെന്ന ഉദയ്പൂർ പ്രഖ്യാപനത്തിലെ നിബന്ധനയിൽ ഹൈക്കമാൻഡ് ഉറച്ചു നിന്നതോടെ അശോക് ഗെലോട്ട് മുഖ്യമന്ത്രി പദം ഒഴിയാൻ നിർബന്ധിതനായിരിക്കുകയാണ്. സോണിയ ഗാന്ധിയുടെ ആവശ്യപ്രകാരം അധ്യക്ഷ പദത്തിലേക്ക് മത്സരിക്കുന്നു,  മുഖ്യമന്ത്രി പദം ഒഴിയുന്നു ഇക്കാരണങ്ങളാൽ താൻ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തിൽ ഗെലോട്ട് ഉറച്ചുനിൽക്കും. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഭൂരിപക്ഷം എംഎൽഎമാരുടെ നിർദേശം പാലിക്കുക എന്ന കോൺഗ്രസ്  നയം തുടരാൻ ഗെലോട്ട് ആവശ്യപ്പെടും. 200 അംഗനിയമസഭയിലെ 120 എംഎൽഎമാർ ഗെലോട്ടിനൊപ്പമാണ്. 

സ്പീക്കർ സിപി ജോഷി, മുതിർന്ന എം എൽ എ ശാന്തി ധരിവാൾ, പി സി സി അധ്യക്ഷൻ ഗോവിന്ദ്  ദൊതസര എന്നി പേരുകളാണ് ഗെലോട്ട് ക്യാമ്പിൽ നിന്ന് ഉയരുന്നത്. മുൻ ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷൻ തുടങ്ങിയ പദങ്ങൾ വഹിച്ച സച്ചിന് പൈലറ്റ് മുഖ്യമന്ത്രിയാകട്ടെ എന്ന നിലപാടിലാണ് ഹൈക്കമാന്ഡ്. ഇക്കാര്യത്തിൽ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന സന്ദേശമാണ് ഇരട്ടപദവി വിഷയത്തിലെ പ്രതികരണത്തിലൂടെ രാഹുൽ ഗാന്ധി നൽകിയിട്ടുള്ളത്. മുഖ്യമന്ത്രി പദത്തെ ചൊല്ലി ഗെലോട്ട് പിന്തിരിഞ്ഞാൽ ദിഗ്വിജയ് സിങിലേക്ക് സ്ഥാനാർത്ഥിത്വമെത്തും. അതേസമയം ജി 23 ൽ നിന്ന് ശശി തരൂരിന് പുറമെ മനീഷ് തിവാരിയും മത്സരത്തിനിറങ്ങിയേക്കും. ഗാന്ധി കുടുംബത്തിൽ നിന്ന് സ്ഥാനാർഥി ഉണ്ടായാൽ മത്സരിക്കില്ലെന്നടക്കമുള്ള ശശി തരൂരിന്റെ നിലപാടുകളോട് മനീഷ് തിവാരിക്ക് വിയോജിപ്പുണ്ട്.

MORE IN BREAKING NEWS
SHOW MORE