എൻഐഎ റെയ്ഡ്: കേരളത്തില്‍ അറസ്റ്റിലായ 11 പേരും ഒരുമാസം റിമാന്‍ഡില്‍

nationwide-raid-spearheaded
SHARE

കൊച്ചിയിൽ എൻഐഎ റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു. 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഒരു മാസത്തേക്കാണ് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി റിമാൻഡ് ചെയ്തത്. നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തു.

കരമന അഷറഫ് മൗലവി, യഹിയ കോയ തങ്ങൾ ഉൾപ്പെടെ 11 പോപ്പുലർ ഫ്രണ്ട് നേതാക്കളാണ് കൊച്ചിയിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായത്. യുഎപിഎ അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. രാവിലെ കൊച്ചിയിലെ എൻഐഎ യൂണിറ്റിലെത്തിച്ചാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവിടെ വച്ച് തന്നെ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം രാത്രി എട്ടുമണിയോടെ പോപ്പുലർ ഫ്രണ്ട് നേതാക്കളെ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി. തുടർന്ന് ഒരു മാസത്തേക്ക് റിമാന്റ് ചെയ്ത് ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. യുഎപിഎക്ക് പുറമേ ഗൂഢാലോചന, സാമ്പത്തിക കുറ്റങ്ങളടക്കമുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുള്ളതായാണ് വിവരം. തീവ്രവാദ സംഘടനകളെ സഹായിക്കുന്നു, ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നു എന്നീ കുറ്റങ്ങളും പ്രതികൾക്കെതിരെ കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിലുണ്ട്. ആർഎസ്എസ് അജണ്ടയാണ് അറസ്റ്റിന് പിന്നിലെന്ന് കോടതിയിലെത്തിക്കവെ നേതാക്കൾ പ്രതികരിച്ചു

നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. 

MORE IN BREAKING NEWS
SHOW MORE