അധ്യക്ഷനായാൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയും; രാഹുലിനെ കണ്ടശേഷം ഗെലോട്ട്

ashok-gehlot-5
SHARE

മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് സൂചിപ്പിച്ച് അശോക് ഗെലോട്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ മുഖ്യമന്ത്രി സ്ഥാനവും വഹിച്ച ചരിത്രമില്ല. തിരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ട്ടി അധ്യക്ഷനായി പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് പ്രതികരണം. വിഡിയോ റിപ്പോർട്ട് കാണാം.

ഒരാള്‍ക്ക് ഒരു പദവി എന്ന ഉദയ്പൂര്‍ പ്രഖ്യാപനം പ്രാവര്‍ത്തികമാകണം എന്ന് രാഹുല്‍ ഗാന്ധി  നിലപാട് എടുത്തിരുന്നു. ഗെലോട്ട് ഒഴിഞ്ഞാല്‍ സച്ചിന്‍ പൈലറ്റിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഥമ പരിഗണന. ഇരുപദവികളും വഹിക്കുന്നതിന് തടസ്സമില്ലെന്ന ഗെലോട്ടിന്റെ നിലപാട് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി തള്ളി. കേരളത്തിലെത്തി രാഹുലുമായി ചര്‍ച്ച നടത്തിയ സച്ചിന്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തി. 

ഒരാള്‍ക്ക് ഒരു പദവി എന്ന ചിന്തന്‍ ശിബിര്‍ പ്രഖ്യാപനം എല്ലാവര്‍ക്കും ബാധകമാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ഇരട്ടപദവി എന്ന അശോക് ഗെലോട്ടിന്‍റെ ആഗ്രഹം മുളയിലെ നുള്ളി. ഒരു പ്രത്യേക ആശയധാരയെ പ്രതിനിധീകരിക്കുന്ന ചരിത്രപരമായ പദവിയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമെന്ന് രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. രാഹുലിന്‍റെ വാര്‍ത്താസമ്മേളനത്തിന് തൊട്ടു മുമ്പും മാധ്യമങ്ങളെക്കണ്ട ഗെലോട്ട്, ഇരുപദവികളും ഒരു പോലെ വഹിക്കാനാവും എന്നായിരുന്നു പറഞ്ഞത്. 

ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്ഥനായ ഗെലോട്ട് രാഹുലിന്‍റെ തീരുമാനത്തിന് എതിര് നില്‍ക്കില്ലെന്നുറപ്പ്. അങ്ങനെയെങ്കില്‍ രണ്ടുമാസത്തിനുള്ളില്‍ രാജസ്ഥാന് പുതിയ മുഖ്യമന്ത്രിയുണ്ടാകും. സച്ചിന്‍ പൈലറ്റിനാണ് ഹൈക്കമാന്‍ഡ് പിന്തുണ എന്നാണ് സൂചന. എന്നാല്‍  പിസിസി അധ്യക്ഷന്‍ ഗോവിന്ദ് ദൊതസര അല്ലെങ്കില്‍ ശാന്തി ധരിവാള്‍ എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗെലോട്ട് നിര്‍ദേശിക്കുന്നത്. സ്പീക്കര്‍ സി.പി ജോഷിയും മുഖ്യമന്ത്രിക്കസേരക്കായി നീക്കം നടത്തുന്നുണ്ട്. അതേസമയം, പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഒന്നിലധികം പേര്‍  നാമനിര്‍ദേശ പത്രിക നല്‍കിയാല്‍ സുതാര്യമായ വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂതന്‍ മിസ്ത്രി. സമവായം തന്‍റെ പരിഗണനയില്‍ വരുന്ന വിഷയമല്ല. 

ഇതിനിടെ ശശി തൂരിന് പിന്തുണയുമായി ജി 23 അംഗം പി.െജ കുര്യന്‍ രംഗത്തെത്തി. തരൂരിനെ പിന്തുണയ്ക്കില്ലെന്ന് കെപിസിസി തീരുമാനമെടുത്തിട്ടില്ലെന്നും കുര്യന്‍ വ്യക്തമാക്കി.

MORE IN BREAKING NEWS
SHOW MORE