സർക്കാരിനെതിരെ സിപിഐ: 'പ്രവർത്തനം നിരാശാജനകം; പ്രാമുഖ്യം മധ്യവർഗ താൽപ്പര്യങ്ങൾക്ക്'

cpi-smelanam
SHARE

രണ്ടാം പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ കാസർകോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട്. തുടർ ഭരണം നേടി അധികാരത്തിൽ വന്ന സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനം നിരാശപ്പെടുത്തുന്നുവെന്ന് ജില്ലാ സമ്മേളനത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. യുഡിഎഫ് വിട്ട് മുന്നണിയിലെത്തിയ കേരള കോൺഗ്രസ് എമ്മും എൽജെഡിയും മുന്നണിക്ക് ഗുണമുണ്ടാക്കിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തെ കുറിച്ച് മുന്നണിയിൽ തന്നെ  ചർച്ച നടക്കുന്നതിനിടയിലാണ് സിപിഐ കാസർകോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നത്. തുടർഭരണം നേടി അധികാരത്തിൽ വന്ന സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ  വോട്ടു ചെയ്ത ജനങ്ങളെയും ഇടതുപക്ഷ മനസ്സുകളെയും നിരാശപ്പെടുത്തുന്ന സമീപനങ്ങളുണ്ടായിട്ടുള്ളതായി പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. 

പ്രകടന പത്രികയിൽ പോലും മുൻഗണന ക്രമം മറികടന്ന് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നുണ്ട്. ഭൂരിപക്ഷം വരുന്ന സാധാരണക്കാരോടൊപ്പം നിലകൊളേണ്ട എൽഡിഎഫ് സർക്കാർ മധ്യവർഗ താൽപ്പര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്നുവെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടതു സർക്കാരിന്റെ വികസന കാഴ്ചപാട് ഇടതു തന്നെയായിരിക്കണമെന്ന പ്രത്യേക നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. കൂടാതെ  കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെയും എൽജെഡിയുടെയും മുന്നണി പ്രവേശം യുഡിഎഫിനെ ദുർബലമാക്കിയെങ്കില്ലും  എൽഡിഎഫിന് വേണ്ടത്ര ഗുണം ചെയ്തില്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. പുതിയ കക്ഷികളെ ചേർത്ത് മുന്നണി വിപലീകരിക്കുമെന്ന എൽഡിഎഫ് കൺവീനറുടെ പ്രഖ്യാപനത്തിനെതിരെയും രൂക്ഷ വിമർശനമുണ്ട്. മുന്നണി വിപുലീകരണം ഇടത് സ്വഭാവം സംരക്ഷിച്ചും ഇടതുപക്ഷ ധാർമ്മികത ഉയർത്തിപ്പിടിച്ചുമാകണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. 

MORE IN BREAKING NEWS
SHOW MORE