‘കൊല മോഷണത്തിനായി; കഴുത്തില്‍ കുത്തി; കിണറ്റിലിട്ടത് ആദം അലി’

manorama-murder-case-02
SHARE

തിരുവനന്തപുരം കേശവദാസപുരത്ത് ഇതര സംസ്ഥാന തൊഴിലാളി വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് മോഷണത്തിനായെന്ന് പൊലീസ്. ആറ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ആദം അലി കഴുത്തില്‍ കുത്തിയാണ് മനോരമയെ കൊന്നതെന്നും സിറ്റി കമ്മീഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍ പറഞ്ഞു. മൃതദേഹം ആദം അലി ഒളിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ആറ് ആഴ്ച മുന്‍പ് തിരുവനന്തപുരത്തെത്തിയ ആദം അലി ഇതരസംസ്ഥാന തൊഴിലാളിയെന്ന നിലയില്‍ റജിസ്റ്റര്‍ ചെയ്തിരുന്നില്ല. ആറ് ആഴ്ചയോളം കുടിവെള്ളം നല്‍കി മക്കളേപ്പോലെ പരിചരിച്ച 68 കാരിയായ വീട്ടമ്മയെ വെറും ആറ് പവന്റെ സ്വര്‍ണം കൈക്കലാക്കാനായി കൊന്ന് കിണറ്റിലിട്ടത് ഈ 21 കാരനാണ്. ബംഗാളിലെ കൂച്ച് വിഹാര്‍ സ്വദേശിയായ ആദം അലി. കൊലയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ ചെന്നൈയില്‍ വച്ച് പിടികൂടിയ ആദമിനെ ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിച്ചു. ചോദ്യം ചെയ്യലില്‍ പശ്ചാത്താപം ഏതുമില്ലാതെ കുറ്റം ഏറ്റുപറഞ്ഞു.

കൊല്ലപ്പെട്ട മനോരമയുടെ വീടിന് സമീപത്തെ കെട്ടിട നിര്‍മാണത്തൊഴിലാളിയായി ആറ് ആഴ്ചമുന്‍പാണ് ആദം എത്തുന്നത്. കുടിവെള്ളം എടുക്കാനെത്തുന്ന പരിചയം മുതലാക്കി കൊല നടന്ന ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെത്തി. മനോരമയുടെ ഭര്‍ത്താവ് വീട്ടിലില്ലെന്ന് ഉറപ്പാക്കിയായിരുന്നു വരവ്. പിന്നില്‍ നിന്ന് കടന്ന് പിടിച്ച് സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്തതോടെ കത്തികൊണ്ട് കഴുത്തില്‍ കുത്തി. തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചും മരണം ഉറപ്പാക്കി. അതിന് ശേഷം മൃതദേഹം വീടിന് പുറത്തേക്ക് വലിച്ചിഴച്ച് അയല്‍വീട്ടിലെ കിണറ്റില്‍ ഉപേക്ഷിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണിത്.  മൃതദേഹം കിണറ്റില്‍ നിന്നെടുത്തതിന് പിന്നാലെ ഈ ദൃശ്യങ്ങള്‍ ലഭിച്ചതാണ് ആദം അലിയാണ് കൊലയാളിയെന്ന് ഉറപ്പിച്ചത്.  പബ്ജി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ ആദം അതിനായാവും മോഷണം നടത്തിയതെന്നും കരുതുന്നു. ആദമിന് ഒപ്പം താമസിച്ചിരുന്ന അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയിലുണ്ടെങ്കിലും അവര്‍ക്ക് പങ്കുണ്ടോെയന്ന് ഉറപ്പിച്ചിട്ടില്ല.

MORE IN BREAKING NEWS
SHOW MORE