ആളുകളെ ഇങ്ങനെ മരിക്കാന്‍ വിടരുത്; കുഴികളില്‍ കടുപ്പിച്ച് ഹൈക്കോടതി

road-high-court-2
SHARE

സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡിലെ മരണങ്ങൾ മനുഷ്യനിർമ്മിത ദുരന്തമാണെന്ന നിരീക്ഷണത്തോടെയാണ് ഒരാഴ്ച്ചക്കകം കുഴികളടക്കാൻ കോടതി ഉത്തരവിട്ടത്. ജില്ലാ കലക്ടർമാർ കാണികളായിരിക്കുന്നതിന് പകരം നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. നെടുമ്പാശ്ശേരി ദേശീയപാതയിലെ കുഴിയിൽ വീണുള്ള മരണത്തിൽ കരാർ കമ്പനിക്കെതിരെ കേസെടുത്തു. നിലവിലെ കരാർ കമ്പനിയെയോ, പുതിയ കമ്പനിയെയോ ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഒരാഴ്ച്ചയാണ് ദേശീയ പാതയിലെ കുഴികളടക്കാൻ കോടതി അനുവദിച്ച സമയം.  ഈ മാസം 19ന് വിഷയം വീണ്ടും പരിഗണിക്കുമ്പോഴേക്കും ദേശീയപാതയിലും, പൊതുമരാമത്ത് റോഡിലും കുഴികൾ ഉണ്ടാകാൻ പാടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു 

ദേശീയപാതയിലെ കുഴികളുടെയും അപകടങ്ങളുടെയും ഉത്തരവാദിത്വം കരാർ കമ്പനിക്കാണെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. എന്നാൽ ദേശീയ പാതയുടെ നിർമാണത്തിനു നേതൃത്വം വഹിച്ച ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തം ഉണ്ടെന്നു കോടതി വ്യക്തമാക്കി. കുഴിയിൽ വീണ് ആളുകളെ ഇങ്ങനെ മരിക്കാൻ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. വിഷയത്തിൽ ജില്ലാ ഭരണകൂടത്തെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ജില്ലാ കലക്ടർമാർ കാണികളെപ്പോലെ പെരുമാറരുതെന്നും, ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. നടപടിയെടുക്കുന്നതിനായി അപകടമുണ്ടാകാൻ കാത്തിരിക്കുകയാണോ എന്നും കോടതി ചോദിച്ചു.  നെടുമ്പാശ്ശേരി ദേശീയ പാതയിലെ അപകട മരണത്തിൽ കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെതിരെ കേസെടുത്തു. അറ്റകുറ്റപണിയിലും നവീകരണത്തിലും വീഴ്ചവരുത്തിയതിനാണ് കമ്പനിക്കെതിരെ നെടുമ്പാശ്ശേരി പൊലീസ്  കേസെടുത്തത്. 

MORE IN BREAKING NEWS
SHOW MORE