കെഎസ്ആര്‍ടിസിക്ക് ഡീസല്‍ വാങ്ങാന്‍ 20 കോടി; തുക 4 ദിവസത്തിനുള്ളിൽ

ksrtc
SHARE

ഡീസൽക്ഷാമം ചൂണ്ടിക്കാട്ടി സർവീസ് വെട്ടിക്കുറച്ച് ജനങ്ങളെ വലച്ച് കെഎസ്ആർടിസി. ഡീസൽ വിതരണക്കാർക്കുള്ള കുടിശിക തീർക്കാൻ 20 കോടി രൂപ ധനവകുപ്പ് അനുവദിച്ചെങ്കിലും അക്കൌണ്ടിലെത്താൻ നാലുദിവസമെടുക്കും. ഡീസൽ പ്രതിസന്ധി കൃത്രിമമാണെന്ന് യൂണിയനുകൾ ആരോപിക്കുമ്പോൾ സർവീസ് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് സി.എം.ഡി.യിൽ നിന്ന് ഗതാഗതമന്ത്രി റിപ്പോർട്ട് തേടി. 

ഗ്രാമീണമേഖല കൂടുതൽ ആശ്രയിക്കുന്ന ഓർഡിനറി സർവീസുകളിൽ 40 ശതമാനം മാത്രമാണ് ഇന്ന് നിരത്തിലിറങ്ങിയത്. വിതരണക്കാർക്ക് മുൻപ് നൽകാനുള്ള 123 കോടിക്ക് പുറമേ കഴിഞ്ഞമാസം 13 കോടിയുടെ കുടിശിക വന്നതാണ് ഡീസൽ വിതരണം തടസപ്പെടാൻ കാരണമായത്. കുടിശിക തീർക്കാൻ ധനവകുപ്പ് 20 കോടി രൂപ അനുവദിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഈ തുക അക്കൌണ്ടിലെത്താൻ നാലുദിവസമെടുക്കുമെന്നിരിക്കെ ബുധനാഴ്ച വരെ സർവീസ് വെട്ടിക്കുറയ്ക്കൽ തുടരുമെന്നാണ് വിവരം. അതുവരെ ഓരോ ബസും സ്വന്തം കളക്ഷനിൽ നിന്ന് ഡീസൽ അടിക്കണമെന്നാണ്  നിർദേശം. അതേസമയം, ദിവസവരുമാനത്തിൽ നിന്ന് ശമ്പളം കൊടുക്കാൻ കഴിയില്ലെന്ന് വരുതിത്തീർക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്ന് യൂണിയനുകൾ ആരോപിച്ചു. വെള്ളിയാഴ്ച മാത്രം 702 ഓർഡിനറി സർവീസുകളാണ് റദ്ദാക്കിയത്. സൂപ്പർക്ളാസ് സർവീസുകൾ റദ്ദാക്കരുതെന്ന് നിർദേശമുണ്ടെങ്കിലും തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ സ്റ്റാൻഡിൽ അഞ്ചു ദീർഘദൂര സർവീസുകളും റദ്ദാക്കി.  

MORE IN BREAKING NEWS
SHOW MORE