നടിയെ ആക്രമിച്ച കേസ്; കോടതിയേതെന്ന് നിശ്ചയിക്കണം; പ്രോസിക്യൂഷൻ

dileep
SHARE

നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ. വിചാരണ  സി.ബി.ഐ കോടതിയിൽ തന്നെ തുടരണമെന്നാവശ്യപ്പെട്ട് ജഡ്ജി ഹണി എം. വർഗീസിന് അപേക്ഷ സമർപ്പിച്ചു. പ്രോസിക്യൂഷൻ ആവശ്യത്തിൽ മറുപടി അറിയിക്കാൻ കോടതി പ്രതികൾക്ക് സമയം നൽകി.

നടി ആക്രമണ കേസിന്റെ വിചാരണ നടത്തിയിരുന്ന സി.ബി.ഐ കോടതിയിൽ പുതിയ ജഡ്ജിയെ നിയമിച്ചിരുന്നു. ഇതോടെയാണ് തുടരന്വേഷണത്തിനു ശേഷമുള്ള അധിക കുറ്റപത്രം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചത്. വനിതാ ജഡ്ജിയെന്ന നിലയിൽ കേസ് പരിഗണിച്ചിരുന്ന ഹണി എം. വർഗീസിന് , പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേസ് പരിഗണിക്കാൻ കഴിയില്ലെന്നാണ് പ്രോസിക്യൂഷൻ വാദം.. സിബിഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നത്. ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തതും പ്രോസിക്യൂഷന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്നും സ്പെഷൽ പ്രോസിക്യൂട്ടർ അജകുമാർ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.

ആക്ഷേപം സമർപ്പിക്കാൻ പ്രതികൾക്ക് സമയം നൽകിയ കോടതി, ഈമാസം 11ന് കേസ് വീണ്ടും പരിഗണിക്കും. ഹണി എം. വർഗീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായപ്പോൾ കേസ് രേഖകൾ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. വനിതാ ജഡ്‌ജ് വേണമെന്നില്ലെന്നും, സി.ബി.ഐ കോടതി തന്നെ തുടർന്നും വാദം കേൾക്കണമെന്നും ആവശ്യപ്പെട്ട് അതിജീവിത കഴിഞ്ഞ ദിവസം ഹൈക്കോടതി രജിസ്ട്രാർക്ക് അപേക്ഷ നൽകിയിരുന്നു.

MORE IN BREAKING NEWS
SHOW MORE