മുല്ലപ്പെരിയാർ ഡാമിന്റെ 4 ഷട്ടറുകള്‍ കൂടി തുറന്നു; 1870 ഘനയടി ജലം പുറത്തേയ്ക്ക്

mullaperiyar-dam-06
SHARE

നീരൊഴുക്ക് വർധിച്ചതോടെ മുല്ലപ്പെരിയാർ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്നു. പത്ത് ഷട്ടറുകൾ 30 സെൻറീമീറ്റർ ഉയർത്തി 1870 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. പെരിയാറിലെ ജലനിരപ്പ് വാണിങ്ങ് പരിധിയിൽ താഴെയായതിനാൽ തീരത്തുള്ളവർ ആശങ്കപ്പെടേണ്ടതില്ല. മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ടുപോകുന്നത് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു കത്തയച്ചു. റൂൾ കർവ് പരിധിയായ 137.50 അടി എത്തിയതോടെയാണ് 3 സ്പിൽവേ ഷട്ടറുകൾ തുറന്നത്. പിന്നീട് ഘട്ടം ഘട്ടമായി പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ഇടവിട്ടുള്ള മഴയ്ക്കൊപ്പം ഡാമിലെ വെള്ളം കൂടി എത്തിയതോടെ പെരിയാറിൽ ഒരടിയിലേറെ ജലനിരപ്പ് ഉയർന്നു. 

അതേസമയം ഇടുക്കി ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ടിലേക്ക് അടുക്കുകയാണ്. റൂൾ കർവ് പരിധിയിൽ എത്തിയാൽ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്നും ആലുവയിലെ പെരിയാർ തീരത്തെ ജലനിരപ്പ് പരിശോധിച്ച ശേഷം മാത്രമേ ഇതിൽ തീരുമാനം എടുക്കുവെന്നും മന്ത്രി പറഞ്ഞു. ഫയർഫോഴ്സിന്റെയും എൻഡിആർഎഫിന്റെയും സംഘങ്ങൾ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള സ്ഥലങ്ങളും സജ്ജമാണ്.

നിയന്ത്രിതമായി വെള്ളം തുറന്നുവിടണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്്റ്റാലിന് മുഖ്യമന്ത്രി കത്തയച്ചത്. 24 മണിക്കൂറ്‍ മുന്‍പ് അറിയിച്ചാലെ പെരിയാർ തീരത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്യാനാവൂവെന്നും വൃഷ്ടിപ്രദേശത്തെ മഴ ഗൗരവസ്ഥിതി ഉണ്ടാക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കി.

മുല്ലപ്പെരിയാർ വിഷയത്തിൽ രാജ്യസഭയിലും പ്രതിഷേധം ഉയർന്നു. മുല്ലപ്പെരിയാറിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പ്രത്യേക സംഘത്തെ കേരളത്തിലേയ്ക്ക് അയക്കണമെന്നും ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. ഇതോടെയാണ് തമിഴ്നാട്ടില്‍ നിന്നുള്ള അംഗങ്ങള്‍ പ്രതിഷേധിച്ചത്.

MORE IN BREAKING NEWS
SHOW MORE