രാഹുലിനെയും പ്രിയങ്കയെയും 6 മണിക്കൂറിനു ശേഷം വിട്ടയച്ചു; പ്രതിഷേധപ്പകല്‍

rahul-priyanka-05
SHARE

കസ്റ്റഡിയിലായിരുന്ന രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും വിട്ടയച്ചു. വിലക്കയറ്റത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് നേതാക്കളെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിൽ എടുത്ത് 6 മണിക്കൂറിനു ശേഷമാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കളെ വിട്ടയച്ചത്.

വിലക്കയറ്റവും ജിഎസ്ടി നിരക്ക് വര്‍ധനയും തൊഴിലില്ലായ്മയും ഉന്നയിച്ച് കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം. എഐസിസി ആസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കും പാര്‍ലമെന്‍റില്‍നിന്ന് രാഷ്ട്രപതി ഭവനിലേക്കും മാര്‍ച്ച് നടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് നീക്കി. ജനകീയ വിഷയങ്ങള്‍ ഉന്നയിക്കുന്നതിനാലാണ് തന്നെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

പൊലീസ് ബാരിക്കേഡുകള്‍ക്കിടയിലൂടെ എഐസിസി ആസ്ഥാനത്തെത്തിയ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തോടെയാണ് കോണ്‍ഗ്രസിന്‍റെ പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്. രാജ്യത്ത് ജനാധിപത്യം തകര്‍ന്നെന്നും ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ആര്‍എസ്എസിന്‍റെ നിയന്ത്രണത്തിലാണെന്നും രാഹുല്‍ ആരോപിച്ചു. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തുന്നതിനാലാണ് തന്നെ വേട്ടയാടുന്നത്. കറുത്ത വസ്ത്രമണിഞ്ഞ് പാര്‍ലമെന്‍റിലെത്തിയ കോണ്‍ഗ്രസ് എം.പിമാര്‍ സഭയ്ക്കുള്ളിലെ പ്രതിഷേധത്തിന് പിന്നാലെ പ്രകടനമായി രാഷ്ട്രപതി ഭവനിലേക്ക്. ഇവരെ വിജയ് ചൗക്കില്‍ പൊലീസ് തടഞ്ഞു. പിന്നാലെ സംഘര്‍ഷം. മുക്കാല്‍ മണിക്കൂറോളം നീണ്ട സംഘര്‍ഷത്തിനൊടുവില്‍ രാഹുല്‍ അടക്കമുള്ളവര്‍ കസ്റ്റഡിയില്‍. 

തൊട്ടു പിന്നാലെ എഐസിസി ആസ്ഥാനത്ത് നിന്ന് പ്രിയങ്കയുടെയും അശോക് ഗെഹ്‌ലോട്ടിന്‍റെയും സച്ചിന്‍ പൈലറ്റിന്‍റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി പുറത്തേക്ക് വന്നു.  ബാരിക്കേഡ് മറിച്ചിട്ട് മുന്നോട്ട് നീങ്ങിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളും. പ്രിയങ്കടയടക്കം നേതാക്കളെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.

MORE IN BREAKING NEWS
SHOW MORE